പെരുമ്പാവൂരിൽ അന്യസംസ്ഥാനത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാനത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് കൊല്ലപ്പെട്ടത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് ആകാശിനെ കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്.
ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പെരുമ്പാവൂർ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.