ഇന്നലെ പെയ്ത മഴയിൽ മുളച്ചതല്ല അവളുടെ ഡോക്ടർ പദവി! എന്തിനിത് സഹിക്കണം? പൊലീസ് ഓടിയൊളിച്ചത് എന്തുകൊണ്ട്?
ഇന്നലെ പെയ്ത മഴയിൽ മുളച്ചതല്ല, വന്ദനയുടെ ഡോക്ടർ പദവി. കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹത്തിനു പിന്നാലെ പരക്കം പാഞ്ഞ്, കഠിന പ്രയത്നത്തിനൊടുവിൽ നേടിയെടുത്തതാണ്. ഉറക്കമില്ലാതെ വർഷങ്ങളോളം രാപകൽ പഠിച്ച്, പരീക്ഷയെഴുതി ജയിച്ച് പഠനത്തിന്റെ അവസാന കാലത്തിലേക്കെത്തിയ 25കാരി ഭാവിയുടെ വാഗ്ദാനമായിരുന്നു, ആരോഗ്യമേഖലയുടെ വിടർന്നു വരുന്ന പ്രതീക്ഷകളിലൊന്നായിരുന്നു. കരിയർ തുടങ്ങുന്നതിനു മുൻപേ അവൾ കത്തിമുനയിൽ തീർന്നപ്പോൾ യഥാർഥത്തിൽ ആ മാതാപിതാക്കൾ കൂടിയല്ലേ ഇല്ലാതായത്? പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഏകമകളെ വളർത്തിയ ആ അച്ഛന്റെയും അമ്മയുടെയും കണ്ണീർ കേരള ഹൃദയത്തെ എക്കാലവും പൊള്ളിച്ചുകൊണ്ടേയിരിക്കും.
ചികിത്സാപിഴവു മൂലം രോഗി മരിച്ചാൽ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പ്രതിഷേധം അണപൊട്ടിയൊഴുക്കുന്ന നാടാണ് കേരളം. എന്നാൽ പൊലീസിന്റെ തികഞ്ഞ അനാസ്ഥയും അശ്രദ്ധയും കാരണം ഒരു യുവഡോക്ടറുടെ ജീവൻ അക്രമിയുടെ കത്തിമുനയിൽ അവസാനിച്ചപ്പോൾ ഡോക്ടർമാരുടേതല്ലാതെ, പൊതുസമൂഹത്തിന്റെ പ്രതിഷേധ ഇരമ്പൽ അധികമെങ്ങും കേട്ടതേയില്ല.
ഈ പ്രതിഷേധം ഡോക്ടർമാരുടെ ഇടയില് മാത്രം ഒതുങ്ങേണ്ടതാണോ? രാജ്യത്ത് മറ്റെവിടെയും നടക്കാത്തതെന്നു കോടതി പറഞ്ഞ, തികച്ചും അസാധാരണമായ ഒരു സംഭവം നടന്നിട്ടും ഇവിടെ കുറേ പേരെങ്കിലും എല്ലാം സാധാരണമായി കണ്ട് മുന്നോട്ടു നീങ്ങുകയാണ്. ‘യെസ് ഇറ്റ്സ് നോർമൽ’ എന്ന കാഴ്ചപ്പാടിൽ എല്ലാം നിസാരവത്ക്കരിക്കുന്നതു പോലെ! പ്രബുദ്ധ കേരളത്തിന് ഇത് എങ്ങനെ നിസാരമായി കാണാൻ കഴിയും? ഇവിടെ അധികാരികൾക്കും ഉന്നതസ്ഥാനീയർക്കും മാത്രമേ സുരക്ഷയുള്ളോ? ഏതു നിമിഷവും എവിടെ നിന്നും ആക്രമണമുണ്ടായേക്കാം എന്നു കരുതി വേണോ സാധാരണക്കാർ ജീവിക്കാൻ? അനാസ്ഥയുടെയും അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടാകുന്ന മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്താൻ അധികാരികളുടെ നീണ്ട നിരയാണ്. വിശദീകരണം ചോദിക്കും, നടപടിയെടുക്കും എന്നു പതിവായി പറഞ്ഞു പോകുന്നുവെന്നല്ലാതെ ഇവിടെ എന്തു മാറ്റമാണ് വന്നിട്ടുള്ളത്? നാളെ ഇതുപോലെ മറ്റൊരു കൊലപാതകം ഉണ്ടാകില്ലെന്ന് ആർക്ക് ഉറപ്പ് നൽകാൻ പറ്റും?