ഇടുക്കിയിൽ കമിതാക്കൾ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്നു; കുഞ്ഞുണ്ടായത് വീട്ടിലറിഞ്ഞാൽ ഒറ്റപ്പെടുമെന്ന് പേടിച്ചെന്ന് പ്രതി
ഇടുക്കി: കമ്പംമെട്ടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അന്യസംസ്ഥാന തൊഴിലാളികൾ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മദ്ധ്യപ്രദേശ് സ്വദേശികളായ സാധുറാം (23), മാലതി (21) എന്നിവരാണ് കേസിലെ പ്രതികൾ.
കമ്പംമെട്ടിൽ ദമ്പതികളെന്ന വ്യാജേനയാണ് ഇവർ താമസിച്ചിരുന്നത്. ഈ മാസം ഏഴിനാണ് കമിതാക്കൾക്ക് കുഞ്ഞ് പിറന്നത്. ജനിച്ചയുടൻ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ശുചിമുറിയിലാണ് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്നാണ് സാധുറാമും മാലതിയും പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ദുരഭിമാനക്കൊലയാണെന്നാണ് സൂചന. വിവാഹത്തിന് മുൻപ് ജനിച്ച കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.അടുത്തമാസം വിവാഹിതരാകാനായിരുന്നു തീരുമാനം. വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായെന്ന് വീട്ടിലറിഞ്ഞാൽ തങ്ങളെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് പേടിച്ചിട്ടാണ് കൃത്യം നടത്തിയതെന്നാണ് സാധുറാം പൊലീസിനോട് പറഞ്ഞത്.