പാറയിൽ നിന്ന് കടലിലേക്ക് തെന്നിവീണ് കോളജ് വിദ്യാർഥിനി മുങ്ങിമരിച്ചു
മംഗ്ളുരു : ബീചിലെത്തിയ കോളജ് വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. കർണാടക ബാഗൽകോട്ട് ജില്ലയിലെ ബദാമി തെഗ്ഗിയിലെ കാവേരിയാണ് മരിച്ചത്. ഉള്ളാലിലെ സോമേശ്വർ ബീചിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. മംഗ്ളൂറിൽ നഴ്സിങ് വിദ്യാർഥിനിയായ സുഹൃത്തിനൊപ്പം ഒഴിവ് സമയം ചിലവഴിക്കാൻ എത്തിയതായിരുന്നു കാവേരി. അടുത്തിടെയായിരുന്നു കാവേരിയുടെ ജന്മദിനം.
‘കടൽത്തീരത്തെ പാറയിൽ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റ് ഗാർഡിൽ നിന്നുള്ള മോഹൻ ചന്ദ്ര, പ്രദേശത്തെ മീൻ തൊഴിലാളികളായ യോഗീഷ്, പ്രവീൺ, സോമേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ വിനായക്, സമീപത്തുണ്ടായിരുന്നവർ എന്നിവർ ഉടൻ ശ്രമിച്ചിട്ടും കാവേരിയെ രക്ഷിക്കാനായില്ല. കരയിലെത്തിച്ചപ്പോഴും മരണപ്പെട്ടിരുന്നു’, ദൃക്സാക്ഷികൾ പറഞ്ഞു.
മംഗ്ളൂറിലെ ഉർവ സ്റ്റോർ പരിസരത്ത് കൂലിവേല ചെയ്യുന്നവരാണ് കാവേരിയുടെ മാതാപിതാക്കൾ. പഠനത്തിൽ മിടുക്കിയായ കാവേരി ബികോമും സിഎയും ഒരേസമയം പഠിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസം അലട്ടിയിരുന്നുവെങ്കിലും മകൾ പഠിച്ച് നല്ല നിലയിൽ എത്തിച്ചേരണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതിനിടയിലെത്തിയ ദുരന്തവാർത്ത ഇരുവർക്കും കനത്ത ആഘാതമായി. ഉള്ളാൾ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിന് അയച്ചു.