ആന്റിബയോട്ടിക് കഴിച്ചതിന് പിന്നാലെ സ്ത്രീയുടെ നാവ് കറുത്തു, നിറയെ രോമവും; അതിശയിച്ച് ഡോക്ടർമാർ
ടോക്കിയോ: ആന്റിബയോട്ടിക്കുകൾ കഴിച്ചതിന് പിന്നാലെ സ്ത്രീയുടെ നാവ് കറുത്ത് രോമമുള്ളതായി മാറി. ജപ്പാനിലാണ് സംഭവം. ക്യാൻസർ ബാധിച്ച് 14 മാസം മുമ്പ് ഇവർ ചികിത്സ ആരംഭിച്ചിരുന്നു എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
60 വയസുള്ള സ്ത്രീ, കീമോതെറാപ്പിയുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുന്നതിനായി മിനോസൈക്ലിൻ എന്ന ആന്റിബയോട്ടിക് കഴിച്ചിരുന്നു. മുഖക്കുരു മുതൽ ന്യുമോണിയ വരെയുള്ള രോഗങ്ങൾക്ക് നൽകിയിരുന്ന മരുന്നാണ് ഇത്. കീമോയ്ക്ക് ശേഷം ത്വക്കിലുണ്ടാകുന്ന പ്രശ്നങ്ങൾ തടയാനായി ദിവസവും 100 മില്ലിഗ്രാം എന്ന കണക്കിലാണ് ഇവർ മിനോസൈക്ലിൻ കഴിച്ചിരുന്നത്. മരുന്ന് ഉപയോഗിച്ച് ദിവസങ്ങൾക്ക് ശേഷം ഇവരുടെ മുഖത്ത് നിറം മാറ്റം ശ്രദ്ധയിൽപ്പെട്ടുവെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നീട് നാവിൽ കറുപ്പ് നിറത്തിൽ മുടിപോലുള്ള പാളി രൂപപ്പെട്ടുവെന്നും ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് ഡോക്ടർമാർ മരുന്നുകൾ പരിശോധിച്ചപ്പോഴാണ് സ്ത്രീ കഴിക്കുന്ന മിനോസൈക്ലിൻ ആണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ മരുന്ന് കഴിക്കുന്നത് അവസാനിപ്പിച്ചതോടെ സ്ത്രീയുടെ മുഖത്തും നാവിലുമുണ്ടായ പ്രശ്നങ്ങൾ മാറിത്തുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു.