സ്കൂളില്‍ വെക്കേഷന് ക്ലാസുകള്‍ നടത്താമെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ
എറണാകുളം: സ്കൂളില്‍ അവധിക്കാല ക്ലാസുകള്‍ നടത്താമെന്ന് ഹൈക്കോടതി. വെക്കേഷന് ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. രണ്ടാഴ്ചത്തെക്കാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റുകളടക്കമുള്ളവരുടെ ഹര്‍ജികളിലാണ് ഉത്തരവ്. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ അവധിക്കാല ക്ലാസുകള്‍ തടയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചൂടിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ക്ലാസുകള്‍ നടത്താം. വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് അവധിക്കാല ക്ലാസുകളെന്നും കോടതി നിരീക്ഷിച്ചു. അവധിക്കാല ക്ലാസ് നിരോധിച്ചുകൊണ്ടുള്ള 2017ലെ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദേശം ലംഘിച്ചു ക്ലാസ് നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്നായിരുന്നു 2017ലെ ഉത്തരവ്. ദേശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. വേനല്‍ ചൂട് കടുക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ ക്ലാസുകള്‍ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നും അന്നത്തെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ലംഘിച്ച് ഇപ്പോഴും ഒട്ടേറെ സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു പഴയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ വീണ്ടും നിര്‍ദേശിച്ചത്.