ഒരുമയുടെ പലമ; കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ കലോത്സവം നടന്നു
കാസര്‍കോട്: കുടുംബശ്രീ സി.ഡി.എസ് രജതജൂബിലി ആഘോഷം അരങ്ങ് 2023 ഒരുമയുടെ പലമ കലോത്സവം നടന്നു. നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.അഹമ്മദ്ദലി അധ്യക്ഷത വഹിച്ചു. ഒപ്പന, തിരുവാതിര, നാടന്‍പാട്ട്, മോണോആക്ട്, പുതുമയുള്ളതും വ്യത്യസ്തവുമായ മറയൂരാട്ടം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളില്‍ നാല്‍പ്പത്തിമൂന്ന് വാര്‍ഡുകളില്‍ നിന്നായി അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മേഖലാ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് താലൂക്ക്, ജില്ല, സംസ്ഥാനതലം എന്നിവയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ചടങ്ങില്‍ വയോജന അയല്‍ക്കൂട്ടം അംഗവും അഗതിരഹിത കേരളം ഗുണഭോക്താവും ടെലിവിഷന്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുത്ത പുതുക്കൈയിലെ രാധമ്മയെ ആദരിച്ചു.
വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുളള, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.ലത, കെ.അനീശന്‍, കെ.വി.മായാകുമാരി, കെ.വി.സരസ്വതി, നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫസ്റ്റ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൂര്യജാനകി സ്വാഗതവും സെക്കന്റ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുജിനി നന്ദിയും പറഞ്ഞു.