യുവ ഡോക്ടറുടെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
സുല്‍ത്താന്‍ബത്തേരി: കൊട്ടാരക്കരയിലുണ്ടായ യുവ ഡോക്ടറുടെ കൊലപാതകം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ സ്വീകരിക്കേണ്ട ഒരു സുരക്ഷാ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചില്ല. മാതാപിതാക്കളുടെ ഏക മകളായ യുവഡോക്ടറുടെ ദാരുണമായ അന്ത്യത്തിന് കാരണമായത്. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഏറ്റവുമധികം അന്വേഷണങ്ങള്‍ക്ക് ഉത്തവിട്ടതിന് ഈ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കില്‍ വരെ വരേണ്ടതാണ്.
ആശുപത്രികള്‍ സുരക്ഷിത സ്ഥലങ്ങളല്ലെന്ന അവസ്ഥയുണ്ടാകുന്നത് സര്‍ക്കാര്‍ അടിയന്തരമമായി അവസാനിപ്പിക്കണം. മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഉള്‍പ്പെടെ നിരവധി നിയമങ്ങള്‍ ഉണ്ടെങ്കിലും ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതിന്റെ പരിണിതഫലമാണ് കൊട്ടാരക്കരയിലെ ദാരുണ കൊലപാതകമെന്നും സതീശൻ വ്യക്തമാക്കി.
ഈ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. സ്വയം പ്രതിരോധത്തിന് വേണ്ടി എം.ബി.ബി.എസില്‍ എന്തെങ്കിലും പരിശീലനം നല്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിന്റെ പരിണിത ഫലമാണ് താനൂരിലെ ബോട്ടപകടമെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പരാതി പറഞ്ഞ ആളോട് മോശം രീതിയിലാണ് മന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചത്. പെരുന്നാൾ സമയത്ത് നിർത്തിവെപ്പിച്ച ബോട്ട് സർവീസ് വീണ്ടും തുടങ്ങാൻ പിന്തുണ നൽകിയത് ആരാണ്?.
അതുകൂടി ഗൗരവമായി അന്വേഷിക്കണം. തോന്നിയ പോലെ ബോട്ട് സർവീസ് നടത്താൻ ഭരണകക്ഷിയുടെയും ഭരണവുമായി ബന്ധപ്പെട്ട ആളുകളുടെയും നിർലോഭമായ പിന്തുണയും സഹകരണവും ലഭിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു.