കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടിംഗ് തുടങ്ങി; ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിയും കോൺഗ്രസും
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അരലക്ഷത്തോളം പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുടനീളമായി സജ്ജീകരിച്ചിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങളും പോളിംഗ് ബുത്തുകളിലായി ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. ഇന്ന് വൈകിട്ടോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.
224 മണ്ഡലങ്ങളിലായി 2613 സ്ഥാനാർത്ഥികളാണ് പോരാട്ട രംഗത്തുള്ളത്. 5.3 കോടി വോട്ടർമാരാണ് സംസ്ഥാനത്തുനീളമുള്ള പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പടുത്താനെത്തുന്നത്.224 അംഗ സഭയിൽ കേവല ഭൂരിപക്ഷമായ113 സീറ്റ് ഉറപ്പിക്കാനുള്ള കനത്തപോരിലാണ് കോൺഗ്രസും ബി ജെ പിയും. നേരത്തെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. ബി ജെ പി 80 – 85 സീറ്റിൽ ഒതുങ്ങുമെന്നാണ് പ്രവചനം. ജനതാദളുമായി കഴിഞ്ഞ തവണ പാളിയ സഖ്യത്തിന്റെ അനുഭവത്തിൽ തനിച്ച് ഭൂരിപക്ഷം നേടാനാണ് കോൺഗ്രസ് ശ്രമം നടത്തുന്നത്. സ്വന്തം സാദ്ധ്യത നിലനിറുത്താൻ കരുതലോടെ ജനതാദളും മത്സരംഗത്തുണ്ട്.