കാല്‍നൂറ്റാണ്ട് കൊണ്ട് കുടുംബശ്രീ നേടിയത് സമഗ്രമായ സ്ത്രീശാക്തീകരണം : മന്ത്രി എം.ബി.രാജേഷ്
കന്നഡ സ്പെഷ്യല്‍ പ്രോജക്റ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കാല്‍നൂറ്റാണ്ട് കൊണ്ട് കുടുംബശ്രീ കേരളത്തില്‍ ഉണ്ടാക്കിയ മാറ്റം സമഗ്രമായ സ്ത്രീശാക്തീകരമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയായ കന്നഡ സ്പെഷ്യല്‍ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നഡ മേഖലയ്ക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തിയ കുടുംബശ്രീയെ മന്ത്രി അഭിനന്ദിച്ചു. കുടുംബശ്രീ പെണ്‍കരുത്തിന്റെ മഹാപുസ്തകമാണ്. അരക്കോടിയോളം വനിതകള്‍ സംസ്ഥാനത്ത് കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ലോകം ശ്രദ്ധിച്ച കേരളത്തിന്റെ വിജയകഥയാണ് കുടുംബശ്രീ. കേരളത്തെ ഇന്ന് നയിക്കുന്ന സ്ത്രീകളില്‍ പലരും കുടുംബശ്രീയിലൂടെ ഉയര്‍ന്നുവന്നവരാണ്. സ്വന്തമായി വരുമാനം നേടാന്‍ ലക്ഷകണക്കിന് സ്ത്രീകളെ കുടുംബശ്രീ പ്രാപ്തരാക്കി. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി ജനപ്രതിനിധികളെയും നേതാക്കളെയും കുടുംബശ്രീ സൃഷ്ടിച്ചു. കന്നഡ മേഖലയിലെ സാഹിത്യ കല മേഖലയ്ക്ക് എല്ലാവിധ പിന്തുണയും കുടുംബശ്രീയുടെ ഭാഗത്ത് നിന്നുണ്ടാവും. യുവസ്ത്രീജനങ്ങള്ക്ക് വേണ്ടി ഷീ സ്റ്റാര്‍ട്സ് പദ്ധതികള്‍ വിപുലീകരിക്കും. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജലമെട്രോയുടെ ടിക്കറ്റിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഏത് പ്രൊഫെഷണല്‍ മേഖലയെക്കാളും മികവ് കുടുംബശ്രീയ്ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
കന്നഡ സ്പെഷ്യല്‍ പ്രൊജക്റ്റ് സി.ഡി.എസുകള്‍ക്കുള്ള ആദ്യഘട്ട ചെക്ക് വിതരണോദ്ഘാടനം സി.എച്ച.് കുഞ്ഞമ്പു എം.എല്‍.എയും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും നിര്‍വഹിച്ചു. കന്നഡ മെന്റര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ സി.എച്ച്.ഇക്ബാല്‍ പദ്ധതി വിശദീകരണം നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷെമീമ ടീച്ചര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, സംഘാടകസമിതി ചെയര്‍മാനും പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സുബ്ബണ്ണ ആള്‍വ, കുടുംബശ്രീ സ്റ്റേറ്റ് മിഷന് പ്രോഗ്രാം ഓഫീസര്‍ രതീഷ് പിലിക്കോട് എന്നിവര്‍ മുഖ്യാതിഥികളായി. എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ, പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയന്തി, എന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി.ശാന്ത, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എ.പി ഉഷ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലെവിനോ മൊന്തേരെ, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.ഭാരതി, മംഗല്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് റുബീന, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്.ഷെട്ടി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഷെമീറ ഫൈസല്‍, കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ ഭട്ട്, ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധര, കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളിഗെ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയന്തി, മധൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിജ വിനോദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാരായണ നായ്ക്ക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ചന്ദ്രാവതി, പുത്തിഗെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബി.കെ.കാവ്യശ്രീ, ഡി.പി.സി മെമ്പര്‍ വി.വി.രമേശന്, എസ്.എ.പി.എം കുടുംബശ്രീ സ്റ്റേറ്റ് മിഷന് നിഷാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ പി.രഘുദേവന്‍ , ലക്ഷ്മണ പ്രഭു, അസീസ് മരിക്കേ, ജയറാമ വള്ളംകൂടേല്, ജയന്ത പാട്ടാളി തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്ക് സ്വാഗതവും പുത്തിഗെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഹേമവതി നന്ദിയും പറഞ്ഞു.