മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് ജില്ലയ്ക്ക് പുരോഗതിയില്ല : മന്ത്രി എം.ബി.രാജേഷ്
കാസര്‍കോട്: കേരളം മുഴുവനും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്ക്കരണത്തിനും മാലിന്യ മുക്ത കേരളത്തിനുമായി യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സാഹചര്യത്തില്‍ അതിനനുസരിച്ചുള്ള പുരോഗതി കാസര്‍കോട് ജില്ലയില്‍ കാണാന്‍ സാധിച്ചില്ലെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് കാസര്‍കോട് വിദ്യാനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ പൊതുസ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് കാസര്‍കോട് കാണുന്നത്. കാസര്‍കോട് നഗരത്തിലെയും മംഗല്പാടി പഞ്ചായത്തിലെയും മാലിന്യ പ്രശ്നങ്ങളെപ്പറ്റി പരാതികള്‍ ലഭിച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജന വിഷയത്തില്‍ മംഗല്പാടി പഞ്ചായത്തിന്റെ സ്ഥിതിയും ഉദാസീനതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കാസര്‍കോട്ടെ ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. കേരളത്തിലാകെയുണ്ടാകുന്ന മുന്നേറ്റം ഇവിടെയുമുണ്ടാകണം. ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാലിന്യ കൂട് പലയിടങ്ങളിലും കാണുന്നുണ്ട്. നേരത്തെ ഇത് നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനവും കോടതി വിധിയും നടപ്പിലാക്കിയില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. ഇത് സംബന്ധിച്ച് എടുത്ത നടപടികള്‍ എന്തെല്ലാമാണെന്ന് റിപ്പോര്‍ട്ട് നല്കാന് ഉടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി മാലിന്യ മുക്ത കേരളത്തിനായി രംഗത്തുവരണമെന്നാണ് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്. അതില്‍ കാസര്‍കോട് പിന്നിലാവാന്‍ പാടില്ല. ഒരു സ്ഥലത്തും സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പിലാക്കാതിരിക്കാന്‍ അനുവദിക്കില്ലെന്നും ഗൗരവകരമായ നടപടിയുണ്ടാവുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
കെട്ടിടനികുതി പത്ത് വര്‍ഷത്തിന് ശേഷം അഞ്ച് ശതമാനമാണ് വര്‍ധിപ്പിച്ചത്. 2013 ലെ ശിപാര്‍ശ 2018ല്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും തുടര്‍ പ്രളയങ്ങളും കോവിഡും വന്നു. അഞ്ചു ശതമാനത്തിന്റെ വര്‍ദ്ധനവ് ഒട്ടും അമിതമായിട്ടുള്ളതല്ല മറിച്ച് വളരെ ന്യായമായിട്ടുള്ള വര്‍ദ്ധനവാണ്. 25 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന സംസ്ഥാന ധനകാര്യകമ്മീഷന്റെ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും അഞ്ചു ശതമാനമായി കുറയ്ക്കുകയാണുണ്ടായത്. പെര്‍മിറ്റ് ബസിന്റെ കാര്യത്തിലാണ് കുറച്ച്കൂടി വര്‍ധനവുണ്ടായിട്ടുള്ളത്. അതും സാധാരണക്കാരനെ ബാധിക്കാത്ത തരത്തിലുള്ള വര്‍ധനവാണെന്നും മന്ത്രി വ്യക്തമാക്കി.