എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കൈയ്യടി നേടി സഹകരണ വകുപ്പിന്റെ സ്റ്റാള്‍
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന ‘ എന്റെ കേരളം ‘ പ്രദര്‍ശന വിപണന മേളയില്‍ സഹകരണ വകുപ്പിന്റെ സ്റ്റാള്‍ മേള കാണാനെത്തുന്നവരുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. സഹകരണ വകുപ്പിന്റെ മനോഹരവും ആകര്‍ഷണീയവുമായ സ്റ്റാളില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖാന്തരം നടപ്പിലാക്കിയ ജനകീയ പദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പ്രദര്‍ശന സ്റ്റാളിലൂടെ ലക്ഷ്യമിടുന്നത്. 24 ലക്ഷം പേര്‍ക്ക് സാമൂഹ്യ പെന്ഷന് വിതരണം, ഭിന്നശേഷിക്കാര്‍ക്ക് ഉപജീവന വായ്പ, കര്‍ഷക കടാശ്വാസം, സഹകാരികള്‍ക്കുള്ള സാന്ത്വന സഹായം, പാലീയേറ്റീവ് കെയര്‍ പദ്ധതി, യുവജനങ്ങള്‍ക്ക് യുവസഹകരണ സ്ഥാപനങ്ങള്‍, ബ്ലേഡ് പലിശ മുക്തി ലക്ഷ്യമിട്ടുകൊണ്ടുള്ള ‘ മുറ്റത്തെ മുല്ല ‘ വായ്പാ പദ്ധതി, സഹകരണ മേഖലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതി , സഹകരണ ഉത്പന്നങ്ങള്‍ക്ക് ‘കോക്മാര്ട്ട്’ എന്ന പേരില്‍ ബാങ്കിങ് സംവിധാനം, തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ സഹകരണ വകുപ്പിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കായ കേരള ബാങ്കിനെപ്പറ്റിയും സ്റ്റാളില്‍ വിശദീകരിക്കുന്നുണ്ട് . ‘എന്റെ കേരളം ‘ പ്രദര്‍ശന വിപണന മേളയ്ക്ക് എത്തുന്നവരുടെ ശ്രദ്ധ സഹകരണ വകുപ്പിന്റെ സ്റ്റാളിലേക്ക് എത്തുന്നതിന്റെ പ്രധാന കാരണം സ്റ്റാളിന്റെ മനോഹാരിതയാണ്. സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളിലേക്ക് വിജയകരമായി എത്തിക്കാന്‍ സ്റ്റാളിലൂടെ സാധിച്ചു.