ഡീസല്‍ വാഹനങ്ങള്‍ക്ക് പിടിവീഴുന്നു… 2027 ഓടെ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കും; കേന്ദ്രത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി: നിരത്തുകളില്‍ നിന്ന് നാലുചക്ര ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്രത്തിന് പഠനസമിതി നിര്‍ദേശം. 2027 ഓടെ ഇന്ത്യ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും മലിനീകരണം കുറക്കുന്നതിന് വൈദ്യുതി, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയോഗിച്ച എനര്‍ജി ട്രാന്സ്മിഷന് പാനല്‍. 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ നിന്നാണ് നാലുചക്രഡീസല്വാഹനങ്ങളുടെ ഉപയോഗം നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും 2030 ഓടെ ഇലട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ റെയില്‍പാത പൂര്‍ണമായും വൈദ്യുതി വത്കരിക്കണം, 2024 മുതല്‍ ഇലട്രിക് പവര്‍ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന് അനുവദിക്കണം തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്.