നിയമം കാറ്റില്‍ പറത്തിയുളള ഉല്ലാസയാത്ര..! കൊച്ചിയില്‍ ലൈഫ് ജാക്കറ്റില്ലാതെ സ്പീഡ് ബോട്ട് യാത്ര; നടപടിയെടുത്ത് മരട് നഗരസഭ
കൊച്ചി: ലൈഫ് ജാക്കറ്റില്ലാതെ സ്പീഡ് ബോട്ട് യാത്ര നടത്തിയതില്‍ നടപടിയെടുത്ത് മരട് നഗരസഭ. രണ്ട് ബോട്ട് ഏജന്‍സി ഓഫീസുകള്‍ സീല്‍ ചെയ്തു. കൊച്ചിന് ബോട്ടിംഗ് സെന്റര്‍, കൊച്ചി ബാക്ക് വാട്ടര്‍ എന്നീ ഏജന്‍സികളുടെ ഓഫീസുകളാണ് സീല്‍ ചെയ്തത്. മരട് നഗരസഭയുടെ പ്രദേശങ്ങളിലെ വിവിധ കായലുകളിലായിരുന്നു നിയമം കാറ്റില്‍ പറത്തിയുളള ഉല്ലാസയാത്ര. താനൂര്‍ ബോട്ട് ദുരന്തത്തില്‍ നിന്ന് ഒട്ടും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. കുട്ടികളെയടക്കം ലൈഫ് ജാക്കറ്റില്ലാതെ ഇരുത്തിയായിരുന്നു യാത്ര. വ്യവസായ മേഖലയിലേക്കുള്ള ബാര്‍ജുകള്‍ ഇടതടവില്ലാതെ പോകുന്ന ദേശീയ ജലപാതയിലാണ് ബോട്ട് പ്രവര്‍ത്തിപ്പിച്ചത്. ചില സ്പീഡ് ബോട്ടുകളുടെ അമിത വേഗം മത്സ്യബന്ധനത്തിന് ഭീഷണിയാകുന്നുവെന്ന് കാണിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.