താനൂര്‍ ബോട്ടപകടം: അനുമതിയില്ലാതെ ബോട്ട് നിര്‍മ്മാണം, ക്രമപ്പെടുത്താന്‍ നല്‍കിയത് 10,000 രൂപ
മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റലാന്റ എന്ന ബോട്ട് നിര്‍മിച്ചത് അനുമതിയില്ലാതെയെന്ന് രേഖകള്‍. ബോട്ടിന് പിഴ ഈടാക്കി നിര്‍മാണം ക്രമപ്പെടുത്തി. 10000 രൂപയാണ് ഇതിനായി ഈടാക്കിയത്. മരിടൈം ബോര്‍ഡ് സി.ഇ.ഒ ഇതുസംബന്ധിച്ച് കത്ത് നല്കി. നടപടി 2021 ലെ കേന്ദ്ര നിയമപ്രകാരമാണെന്ന് സി.ഇ.ഒ സലിംകുമാര്‍ പറഞ്ഞു.അതേസമയം അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റിലായി. കോഴിക്കോട്ടു വെച്ചാണ് ഇയാള്‍ പിടിയിലായത്. വൈകീട്ട് ആറോടെയാണ് പൊലീസ് നാസറിനെ കസ്റ്റഡിഡിയിലെടുത്തത്. ഇയാളെ ഉടന്‍ താനൂര്‍ പൊലീസിനു കൈമാറും.
അപകടത്തിനു പിന്നാലെ നാസറും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഒളിവില്‍ പോയിരിക്കുകയായിരുന്നു. കോഴിക്കോട്ടാണ് നാസര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് നാസര്‍ വിളിച്ചതായി നേരത്തെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ളവരെ താനൂര്‍ പൊലീസിന് കൈമാറും. ഉച്ചയോടെ നാസറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചിയില്‍ വെച്ചാണ് വാഹനം പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ മുതല്‍ കൊച്ചിയില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയിലാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസര്‍ വാഹനത്തിലുണ്ടായിരുന്നില്ല. ഡ്രൈവറും നാസറിന്റെ സഹോദരങ്ങളുമാണ് വാഹനത്തില്‍ യാത്ര ചെയ്തിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബോട്ട് സര്‍വീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റിയാണ് സര്‍വീസ് നടത്തിയത്. ആറ് മണിക്ക് സര്‍വീസ് നിര്‍ത്തണമെന്നാണ് നിയമമെങ്കിലും അതും ലംഘിച്ചാണ് അപകടമുണ്ടാക്കിയ ബോട്ട് ഇന്നലെ സര്‍വീസ് നടത്തിയത്. ഉടമ നാസറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.