താനൂര്‍ ബോട്ട് അപകടം; ബോട്ടുടമ നാസര്‍ അറസ്റ്റില്‍, നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തു
മലപ്പുറം: താനൂരില്‍ ഇരുപതിലേറെപേരുടെ മരണത്തിന് കാരണമായ വിനോദസഞ്ചാര ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശിയായ നാസറിനെ കോഴിക്കോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടുകയും ചെയ്തിരുന്നു.
കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ 22 പേരാണ് മരിച്ചത്. മരിച്ചവരില്‍ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാര്ക്കും ദുരന്തത്തില്‍ ജീവന് നഷ്ടമായി. മരിച്ചവരില്‍ 11 പേര് പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കല്‍, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേര് ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേര് നീന്തി രക്ഷപ്പെട്ടു. അപകടമുണ്ടായ പുഴയില്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.