വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു ;പ്രതി പിടിയിൽ
പാലക്കാട്: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ മഞ്ഞത്തൊടി വീട്ടിൽ ശ്രീകുമാർ (26) ആണ് പിടിയിലായത്. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് പണം നൽകിയവർ കസബ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പല ജില്ലകളിൽനിന്നായി നിരവധി പരാതികളാണ് കസബ പൊലീസിന് ലഭിച്ചത്. ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതോടെ പ്രതിയുടെ തട്ടിപ്പ് വ്യക്തമായി. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ പ്രതി വീട്ടിൽനിന്ന് മാറി എറണാകുളം, കോയമ്പത്തൂർ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇയാൾ സമാനരീതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും കൂട്ടുപ്രതികൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഇയാൾക്കെതിരെ ഇനിയും പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.കെ. രാജേഷ്, സതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.