രാജസ്ഥാനിൽ മിഗ് 21 വിമാനം തകർന്നുവീണു; മൂന്നുപേർ മരണപ്പെട്ടു
ജയ്പൂർ: വ്യോമസേനയുടെ മിഗ്-21 ഫൈറ്റർജെറ്റ് വിമാനം ജനവാസമേഖലയിൽ തകർന്നുവീണ് മൂന്ന് മരണം. ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ ഹനുമാൻഗഡ് ഭാഗത്തുവച്ചാണ് മിഗ്-21 വിമാനം തകർന്നുവീണത്.
പൈലറ്റ് വിമാനം തകരും മുൻപ് പാരച്യൂട്ടിൽ രക്ഷപ്പെട്ടു. ഇദ്ദേഹം സുരക്ഷിതനാണെന്നാണ് വിവരം. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. സുരത്ഘടിൽ നിന്നും പറന്നുയർന്ന ശേഷമാണ് വിമാനം ഹനുമാൻഗഡിൽ തകർന്നുവീണത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.
ജമ്മുകാശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഒരു വനമേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ദിവസങ്ങൾക്കകമാണ് ഇന്ന് മിഗ്-21 വിമാനം തകർന്നത്. കാശ്മീരിലെ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം രാജസ്ഥാനിലെ ഭാർമറിൽ മിഗ്-21 വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരും വീരമൃത്യുവടഞ്ഞിരുന്നു.
ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ആറ്തരം യുദ്ധവിമാനങ്ങളിൽ ഒന്നാണ് മിഗ്-21. 1963ൽ സൈന്യത്തിന്റെ ഭാഗമായ ഈ ഒറ്റ സീറ്റർ ജെറ്റ് വിമാനം ആകാശത്തും ഭൂമിയിലും ഒരുപോലെ യുദ്ധത്തിന് പ്രാപ്തിയുള്ളതാണ്. 2025ഓടെ മിഗ്-21 വിമാനങ്ങൾ ഒഴിവാക്കാനാണ് ഇന്ത്യൻ വ്യോമസേന തീരുമാനിച്ചിരിക്കുന്നത്.