“ആളെ കുത്തിനിറച്ച് യാത്ര പതിവ്, പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല’; ആരോപണവുമായി നാട്ടുകാർ
മലപ്പുറം : താനൂർ ബോട്ടപടകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും വാർഡ് കൗൺസിലറും. അപകടം വരുത്തിയ ബോട്ട് ആളുകളെ കുത്തി നിറച്ച് സർവീസ് നടത്തുന്ന വിവരം പല തവണ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വാർഡ് കൗൺസിലർ ആരോപിച്ചു. ബോട്ടിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെരുന്നാൾ ദിവസം സർവീസ് നിർത്തി വെപ്പിച്ചു. അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടടക്കം രണ്ട് ബോട്ടുകളുടെ സർവീസാണ് നിർത്തിവെപ്പിച്ചത്. എന്നാൽ പിറ്റേ ദിവസം വീണ്ടും ഇവർ സർവ്വീസ് തുടങ്ങി. പണം നൽകിയും സ്വാധീനമുപയോഗിച്ചുമാണ് ബോട്ട് വീണ്ടും സർവ്വീസ് വീണ്ടും ആരംഭിച്ചത്. ക്രമക്കേടുകൾ ഡിടിപിസിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും വാർഡ് കൌൺസിലർ വിശദീകരിച്ചു. ബോട്ട് സർവീസ് സുഗമമാക്കുന്നതിന് വേണ്ടി പുഴയുടെ ആഴം ബോട്ട് ഉടമകൾ കൂട്ടിയതായും നാട്ടുകാർ ആരോപിച്ചു.
ഈയടുത്ത കാലത്താണ് സ്ഥലത്ത് അഞ്ചിലേറെ ബോട്ടുകൾ സ്ഥലത്ത് സർവീസ് ആരംഭിച്ചത്. അപകടത്തിൽപ്പെട്ട ബോട്ടിന്റെ അടിഭാഗം ശരിയല്ലെന്നും ജനങ്ങളെ കയറ്റി സർവ്വീസ് നടത്തരുതെന്നും നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിലും പണത്തിന്റെ സ്വാധീനത്തിലും പരാതികളെ ബോട്ടുടമകൾ മറികടക്കുകയായിരുന്നുവെന്നും അതാണ് ദാരുണ ദുരന്തത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.