താനൂർ ബോട്ടപകടം; മരണസംഖ്യ 23-ായി ഉയർന്നു, ഒരു കുടുംബത്തിലെ 14 പേർക്ക് ദാരുണാന്ത്യം
തിരൂർ: മലപ്പുറം താനൂരിലുണ്ടായ ബോട്ട് ദുരന്തത്തിൽ മരണസംഖ്യ 23-ായി ഉയർന്നു. അപകടത്തിൽ ഒരു കുടുംബത്തിൽ നിന്നുള്ള 14 പേർ ദാരുണമായി മരിച്ച വാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. ഒരു കുട്ടി അത്യാസന്ന നിലയിലുമാണ്. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീർ (12) മകൾ ജന്ന (8), സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ അസ്ന (18 ), ഷംന (16) സഫ്ല (13 ), ഫിദദിൽന (8) സഹോദരി നുസ്റത്ത് (35), മകൾ ആയിഷ മെഹ്രിൻ (ഒന്നര), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം) എന്നിവരാണ് മരിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഉപരാഷ്ട്രപതിയും ബോട്ടപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. വിനോദയാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം മരിച്ചവരിൽപെടുന്നു. ഒരു പൊലീസുകാരനും മരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
തീരത്ത് നിന്ന് അവസാന ട്രിപ്പിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ആറുമണി വരെയാണ് ബോട്ട് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴുമണിക്ക് സർവീസ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. അപകട ശേഷം വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചെറുതോണികളിലായിരുന്നു ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ട് തലകീഴായി മറിഞ്ഞതും ചെളി നിറഞ്ഞ ഭാഗത്തായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു . തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്ന ബോട്ട് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഉയർത്താനായത്.