തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തി തൊഴില്‍ ശില്പശാല സംഘടിപ്പിച്ചു
കാസര്‍കോട്: തൊഴില്‍ സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്തി എന്റെ കേരളം മേളയിലെ തൊഴില്‍ ശില്പശാല. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന ‘എന്റെ കേരളം ‘ പ്രദര്‍ശന വിപണന മേളയിലെ ‘ യുവതയുടെ കാസര്‍കോട് ‘ എന്ന പരിപാടിയുടെ ഭാഗമായാണ് ‘ഉന്നത തൊഴില്‍ മേഖലകള്‍ ‘ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചത്. ഒരു തൊഴില്‍ ലഭിക്കാന്‍ ഏറ്റവും അടിസ്ഥാനമായി വേണ്ട ബയോഡാറ്റ മുതല്‍ നൂതന സാങ്കേതിക ലോകത്തെ ജോലി അന്വേഷണ ആപ്ലിക്കേഷനായ ലിങ്ക്ഡ് ഇനിന്റെ സാധ്യതകളെപ്പറ്റിയും ശില്പശാലയില് ചര്‍ച്ച ചെയ്യപ്പെട്ടു. കേവലം വിനോദത്തിനെക്കാള് മറ്റു പല കാര്യങ്ങള്‍ക്കും സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കേണ്ടതിന്റെയും ന്യൂ മീഡിയയിലെ ജോലിസാധ്യതകളും പരിചയപ്പെടുത്തി. കൂടാതെ ഇന്ന് ഏറെ ജോലി സാധ്യതയുള്ള ആരോഗ്യമേഖലയെക്കുറിച്ചും ഗവണ്മെന്റ് തലത്തിലും സ്വകാര്യ തലത്തിലുമുള്ള ജോലി സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. അര്‍ധസൈനിക, വനംവകുപ്പ് , കേന്ദ്ര സര്‍ക്കാരിന്റെ മറ്റു ജോലിസാധ്യതകളും പരീക്ഷകളും ശില്പശാലയില് മുഖ്യ വിഷയമായിരുന്നു. ഐ.ഐ.എം കോഴിക്കോട് പബ്ലിക് പോളിസി പ്രൊഫഷണല്സുകളായ സോനല്‍ കുരുവിള, ആനന്ദ് എസ് ഉണ്ണി, ഗൗതം കുമാര്‍ തുടങ്ങിയവര്‍ വിവിധ സെക്ഷനുകളിലായി ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് അധ്യക്ഷത വഹിച്ചു. ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ് സ്വാഗതവും ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി.ദില്‍ന നന്ദിയും പറഞ്ഞു.