ഇഷ സംസാരിക്കുന്നു ജെന്‍ഡര്‍ രാഷ്ട്രീയവും അനുഭവങ്ങളും
കാസര്‍കോട്: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജെന്‍ഡര്‍ രാഷ്ട്രീയവും സാമൂഹ്യ കാഴ്ചപ്പാടും നിലപാടുകളും അനുഭവങ്ങളും വ്യക്തമാക്കുകയാണ് പ്രമുഖ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും ചാനല്‍ അവതാരകയുമായ ഇഷ കിഷോര്‍. സാമൂഹ്യ നീതി വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ ഇഷ കിഷോര്‍ ഒരു പകല്‍ മുഴുവന്‍ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരുമായി സംവദിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഒരു കാലത്ത് പല സാഹചര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയ വിഭാഗങ്ങളെ ഇപ്പോള്‍ പരിഗണിക്കുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് ഇഷ കിഷോര്‍ പറഞ്ഞു.
വ്യത്യസ്ത ലൈംഗിക സ്വത്വങ്ങളെ കുറിച്ച് മനസിലാക്കാനും പഠിക്കാനും സാമൂഹ്യ നീതി വകുപ്പിന്റെ തീം സ്റ്റാളില്‍ പ്രത്യേകം പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. സമൂഹത്തില്‍ എല്ലാ മനുഷ്യര്‍ക്കും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ച് തുല്യതയോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഇതിനെ കുറിച്ച് സമൂഹത്തെ പരമാവധി ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആശയം സ്റ്റാളില്‍ ഒരുക്കിയതെന്നും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബാ മുംതാസ് പറഞ്ഞു.