വിവിധ സേവനങ്ങള്‍ ഒരു കുടകീഴില്‍ ലഭ്യമാക്കി എന്റെ കേരളം പ്രദര്‍ശന വിപണനമേള
കാസര്‍കോട്: സര്‍ക്കാര്‍ സേനങ്ങള്‍ തേടി മേളയിലെത്തുന്നവര്‍ നിരവധിയാണ്. വിവിധ വകുപ്പുകളാണ് പൊതുജനങ്ങള്‍ക്ക് സൗജന്യമായും വേഗത്തിലും തത്സമയ സേവനങ്ങള്‍ നല്‍കുന്നത്.
അക്ഷയ സെന്ററില്‍ സൗജന്യ സേവനങ്ങള്‍ കൈപറ്റാന്‍ ആളുകളുടെ തിരക്കാണ്. റേഷന്‍ കാര്‍ഡ്, ഇ-ഡിസ്ട്രിക്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം, ആധാര്‍ സേവനങ്ങള്‍, പുതിയ ആധാര്‍, പത്ത് വര്‍ഷത്തില്‍ അധികമായ ആധാര്‍ കാര്‍ഡുകള്‍ പുതുക്കല്‍, തിരുത്തല്‍, മൊബൈല്‍ നമ്പര്‍ ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ വിധ സേവനങ്ങളും അക്ഷയ സെന്റര്‍ സ്റ്റാളില്‍ എത്തിയാല്‍ തീര്‍ത്തും സൗജന്യമായി ലഭിക്കും. രണ്ട് ദിവസമായി 700 റോളം ആളുകളാണ് അക്ഷയ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്. കൂടാതെ കാണികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരവും തത്സമയ സമ്മാനവും വെര്‍ച്വല്‍ റിയാലിറ്റി ഷോയും ഒരുക്കിയിട്ടുണ്ട്.ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകളില്‍ യുണീക്ക് ഹെല്‍ത്ത് ഐ.ഡിക്കായി എത്തുന്നവരും നിരവധിയാണ്. ആദ്യ ദിനം 68 പേരും രണ്ടാം ദിനം 18 പേരും യുണീക്ക് ഹെല്‍ത്ത് ഐ.ഡി കാര്‍ഡ് സേവനം സ്റ്റാളില്‍ നിന്നും ലഭ്യമാക്കി.
ഒരു വ്യാവസായ സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടങ്ങിയവര്‍ക്കും ആവിശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കാന്‍ വ്യവസായ വകുപ്പിന്റെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചാല്‍ മതി. ഡി.പി.ആര് ക്ലിനിക്, സബ്സിഡിക്ക് ആവിശ്യമായ ഡി.പി.ആര് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വ്യവസായ വകുപ്പിന്റെ സേവനം ലഭ്യമാക്കും. ഈ പ്രോജക്ട് റിപ്പോര്‍ട്ട് സ്വകാര്യ കമ്പനികള്‍ വഴി തയ്യാറാക്കുകയാണെങ്കില്‍ 3000 മുതല്‍ 8000 വരെ ഇടാക്കുന്നു എന്നാല്‍ ഇത് മേളയില്‍ തീര്‍ത്തും സൗജന്യമായാണ് വ്യവസായ വകുപ്പ് നല്‍കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് എടുക്കേണ്ടത് ആദ്യം രജിസ്ട്രേഷന്, വേഗത്തിലും സമയബന്ധിതമായും ലൈസന്‍സുകളും പെര്‍മിറ്റുകളും ക്ലിയറന്‍സുകളും ലഭ്യമാക്കുന്നതിന് കേരള ഏക ജാലക ക്ലിയറന്‍സ് സംവിധാനം തുടങ്ങി എല്ലാ സേവനങ്ങളും സ്റ്റാളില്‍ ലഭിക്കും. കൂടാതെ വിവിധ പദ്ധതികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്കല്. സംരംഭകര്‍ സംസാരിക്കുന്നു എന്ന പദ്ധതിയിലൂടെ സംരംഭകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കല്‍, ബി ടു ബി ഏരിയ എന്നിവയും നടക്കുന്നു.