മയക്കുമരുന്ന് മാഫിയക്കെതിരെ യുവത്വങ്ങളും പോരാടണം : ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന
യുവപ്രഭ പുരുസ്കാരം വിതരണം ചെയ്തു
കാസര്‍കോട്: മയക്കുമരുന്ന് മാഫിയക്കെതിരെ യുവത്വങ്ങളും പോരാടണമെന്നും ഇതിനെതിരെ വലിയ പോരാട്ടമാണ് സംസ്ഥാനത്ത് ഒട്ടാകെ നടക്കുന്നതെന്നും
ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള 2023 യുവപ്രഭ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.വൈഭവ് സക്സേന. പഠനത്തില്‍ മാത്രമല്ല സമസ്ഥ മേഖലകളിലും കുട്ടികള്‍ കഴിവ് തെളിയിക്കുമ്പോള്‍ നാടിന് തന്നെ അഭിമാന നേട്ടമാണ് അതെന്നും പ്രതിഭാ ശാലികളായ കുട്ടികളാണ് നമ്മുടെ ജില്ലയില്‍ ഉള്ളതെന്നും കാസര്‍കോട് പോലെ ഉള്ള സ്ഥലത്തുനിന്നും ഇത്തരം ബഹുമതികള്‍ കരസ്ഥമാക്കുമ്പോള്‍ അവ അഭിനന്ദനങ്ങള്‍ക്കും അതീതമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ദേശീയ പുരസ്കാരം നേടിയ 6 യുവപ്രതിഭകളെ അനുമോദിച്ചു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പുരസ്കാരം വിതരണം ചെയ്തു.
ആര്.ഡി.ഒ അതുല്‍ സ്വാമിനാഥ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ മുഖ്യാതിഥിയായി. രാഷ്ട്രപതിയില്‍ നിന്നും മികച്ച എന്‍.എസ്.എസ് വളണ്ടിയറിനുള്ള ബഹുമതി കരസ്ഥമാക്കിയ കാസര്‍കോട് പെരുമ്പള സ്വദേശിയായ പി.ആകാശ്, രാഷ്ട്രപതിയുടെ ജീവന് രക്ഷാ പതക് ജേതാവതാവായ ബേക്കല്‍ സ്വദേശി ബി.ബബീഷ്, കുവൈത്തില്‍ നടന്ന എഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഡിസ്കസ് ത്രോയില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയ കെ.സി.സെര്വന്, ഗെയ്റ്റ് പ്രവേശന പരീക്ഷയില്‍ ഓള് ഇന്ത്യ തലത്തില്‍ ബയോ ടെക്നോളജി വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ.ഐശ്വര്യ, ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക് മീറ്റില്‍ ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്കു വേണ്ടി 16.37 മീറ്റര്‍ എറിഞ്ഞ് വെങ്കല മെഡല്‍ നേടുകയും ഓഗസറ്റില്‍ സ്പെയിനില്‍ വച്ച് നടക്കുന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് യോഗ്യത നേടുകയും ചെയ്ത വി.എസ്.അനുപ്രിയ, 2018 -19 ല്‍ കേന്ദ്ര സ്കില്‍ ഡെവലപ്മെന്റ് വകുപ്പിന്റെ ഇന്ത്യ സ്കില്‍സ് കോമ്പറ്റിീഷനില് സംസ്ഥാന തല മത്സരാര്‍ത്ഥിയും 2020-21 വര്‍ഷത്തെ ഇന്ത്യ സ്കില്‍ സില്‍വര്‍ മെഡല്‍ ജേതാവുമായ കെ.പി.ഹരിപ്രസാദ് എന്നിവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് അരുണ്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. പ്രിസം സബ് എഡിറ്റര്‍ വി.സുമിത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.