നയന മനോഹരമായി മടിക്കൈ കര്‍ഷക കലാവേദിയുടെ കലാസന്ധ്യ
കാസര്‍കോട്: ഭരതനാട്യത്തിലെ അലാരിപ്പ് നൃത്ത ഭാഗവുമായി കലാമണ്ഡലം നയനാ മോഹനും സംഘവും അവതിരിപ്പിച്ച നൃത്തത്തില്‍ ആരംഭിച്ച കലാസന്ധ്യ കാഴ്ചക്കാര്‍ക്ക് നയന മനോഹര സന്ധ്യയായി. കൃഷ്ണന്റെ മാധുര്യം വര്‍ണിക്കുന്ന അതുല്യ കൃതിയ്ക്കൊപ്പം ഐശ്വര്യ സുകുമാരന്‍, ചന്ദന ഗണേഷന്, ദേവപ്രിയ പ്രസന്നന്, ഹൃഷിക കെ സതീശന്, പി.എസ്.പാര്‍വണ, ശ്രദ്ധ എസ് പ്രസാദ്, അനാമിക രാമചന്ദ്രന്, കെ.വി.സാധിക എന്നിവര്‍ ചുവട് വെച്ചു. മടിക്കൈ കര്‍ഷക കലാവേദിയുടെ ഇരുപതോളം കലാകാരികളാണ് കലാസന്ധ്യയില്‍ ചുവട് വെച്ചത്. കെ.വി.ധന്യ, കെ.സുനിത, കെ.വി.സില്‍ന, എം.ഷീന, വി.പി.ശീതള്‍, പി.രജനി, പി.അമ്പിളി, കെ.അഞ്ജിത, യാഥവ് എന്നിവര്‍ അവതരിപ്പിച്ച ഇരുള നൃത്തവും കാണികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, തുടങ്ങി എട്ട് ഇനങ്ങള്‍ കലാസന്ധ്യയില്‍ ഉള്‍പ്പെടുത്തി.
കര്‍ഷക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് മടിക്കൈയില്‍ വേരോട്ടമുണ്ടാക്കാന്‍ നാടകങ്ങളിലൂടെ കരുത്തുനല്‍കിയ കലാ സാംസ്കാരിക സ്ഥാപനമാണ് ചാളക്കടവില്‍ പ്രവര്‍ത്തിക്കുന്ന മടിക്കൈ കര്‍ഷക കലാവേദി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. 1950കളില്‍ കലാവേദിയുടെ പ്രവര്‍ത്തകര്‍ കൂട്ടുകൃഷി, തറവാടിത്തം, കറവറ്റ പശു തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ച് നാട്ടുകാര്‍ക്കിടയില്‍ വിപ്ലവബോധം സൃഷ്ടിച്ചു. പിന്നീട് ജീവിതമാരംഭിക്കുന്നു, കറുത്ത നക്ഷത്രം, പെരുന്തി, സൂര്യാവര്‍ത്തനം തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ചു. പി.പ്രഭാകരന് പ്രസിഡന്റും രാജു കൂക്കള്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.