സണ്‍ഡെ തിയറ്ററില്‍ ചലച്ചിത്ര അഭിനയ ക്യാമ്പ് മെയ് 19 മുതല്‍
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡെ തിയറ്ററിന്റെ സമ്മര്‍ ക്യാമ്പ് 2023 മെയ് 19 ന് ആരംഭിക്കും. നെരൂദ ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ ‘അഭിനയ ശരീരം’ എന്ന പേരില്‍ നടക്കുന്ന ത്രിദിന ക്യാമ്പില്‍ ചലച്ചിത്ര അഭിനയത്തിലൂന്നിയായിരിക്കും ക്ലാസുകള്‍. പ്രശസ്ത മലയാള സിനിമാ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രിയനന്ദനന് മൂന്ന് ദിവസവും ക്യാമ്പിന് നേതൃത്വം നല്‍കും. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അഡ്വ. താര എസ്.എന്‍, ഷിനില്‍ വടകര എന്നിവരും ക്ലാസ് നയിക്കും. ക്യാമ്പില്‍ വിവിധ ദിവസങ്ങളില്‍ സിനിമാ നടന്മാരായ രാജേഷ് മാധവന്, അനൂപ് ചന്ദ്രന്, ബാബു അന്നൂര്‍, രാജേഷ് അഴീക്കോടന്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ തിരക്കഥാകൃത്ത് ബിനുലാല്‍ ഉണ്ണി എന്നിവര്‍ സംബന്ധിക്കും. ചലച്ചിത്ര മേഖലയിലെ സകല വിഷയങ്ങളിലും ഊന്നിയായിരിക്കും ക്യാമ്പുകളെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 മുതിര്‍ന്നവര്‍ക്കും 30 വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കും പ്രവേശനം. നാടക മേഖലയിലെ വിദഗ്ധരും ക്ലാസുകള്‍ കൈകാര്യം ചെയ്യും.