സിന്ധു നല്കിയ പെപ്സി കുടിച്ചതോടെ യുവാവിന്റെ ബോധം പോയി; ഉണര്‍ന്നപ്പോള്‍ ആറര പവന്റെ സ്വര്‍ണം ഉള്‍പ്പെടെ എല്ലാം നഷ്ടമായി
തിരുവനന്തപുരം : കിഴക്കേകോട്ട ഭാഗത്തു നിന്ന് യുവാവിനെ വശീകരിച്ച് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള വൃന്ദാവന്‍ ലോഡ്ജിലെത്തിച്ച് പെപ്സിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയ കേസില്‍ യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍.
കുന്നുകുഴി ബാര്‍ട്ടണ്‍ ഹില്‍ കോളനിയില്‍ സിന്ധു (34), വള്ളക്കടവ് പുതുവല്‍ പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹാജ (29 ) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത് . ഏപ്രില്‍ 21ന് പുലര്‍ച്ചെയായിരുന്നു സംഭവം. വെട്ടുകാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പിടിയിലായ സിന്ധു പുലര്‍ച്ചെ യുവാവിനെ വശീകരിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി. യുവാവിനെ ലോഡ്ജിലെത്തിച്ച് പെപ്സിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൂട്ടാളിയുമായി ചേര്‍ന്ന് പണവും 5 പവന്റെ മാലയും ഒന്നര പവന്റെ മോതിരവും തട്ടിയെടുത്തു.
തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. തമിഴ്നാട്ടിലും ഗോവയിലും വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതികള്‍ പണയം വച്ച സ്വര്‍ണം നാഗര്‍കോവിലിലുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ നേരത്തേയും സമാനമായ കേസുകളില്‍പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് . വശീകരിച്ച് ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി ഗുളികകള്‍ നല്കി മയക്കി പണവും സ്വര്‍ണവും അപഹരിക്കുന്നതാണ് ഇവരുടെ രീതി. നാണക്കേട് ഭയന്ന് ആരും പരാതി നല്‍കാറില്ല. ഇന്‍സ്പെക്ടര്‍ പി. ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ പ്രശാന്ത്.സി.പി ,പ്രിയ ,ലഞ്ചു ലാല്‍,എസ്.സി.പി.ഒ മാരായ അനില്‍ കുമാര്‍, റിഷാദ്,ബിജു ,പ്രസാദ് ഷാഡോ ടീം അംഗങ്ങളായ യശോധരന്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.