സംസാര കേള്‍വി പരിമിതി നേരിടുന്നവരുമായി ആശയവിനിമയം നടത്താന്‍ സാമൂഹ്യനീതി വകുപ്പിന്റെ ആരവം
കാസര്‍കോട് :സംസാര കേള്‍വി പരിമിതി നേരിടുന്നവരുമായി ആശയവിനിമയം നടത്താന്‍ സാമൂഹ്യനീതി വകുപ്പിന്റെ ആരവം 2023. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സാമൂഹ്യനീതി വകുപ്പിന്റെ തീം സ്റ്റാള്‍ കേന്ദ്രീകരിച്ചാണ് ആരവം 2023 പ്രത്യേക പരിപാടി നടത്തിയത്. സംസാര കേള്‍വി പരിമിതി നേരിടുന്നവരുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാപ്തരാക്കുന്ന ദൃശ്യഭാഷയായതിനാല് ആംഗ്യഭാഷ പ്രധാനമാണ്. ആംഗ്യ ഭാഷക്ക് അതിന്റേതായ വ്യാകരണവും വാക്യഘടനയും പദാവലിയും ഉണ്ട്. മനുഷ്യരുടെ പ്രധാന ആവിഷ്ക്കാരോപാധികളാണ് കേള്‍വിയും സംസാരവും. എന്നാല്‍ കേള്‍ക്കുകയും പറയുകയും ചെയ്യുന്നതിനുള്ള ഇന്ദ്രിയക്ഷമതയില്ലാത്ത വരും നമുക്കിടയിലുണ്ട്. ഇവര്‍ക്ക് സഹജരുമായി ആശയം വിനിമയം നടത്തുന്നതിനുള്ള സ്വാഭാവികമായ അവകാശമുണ്ട്. ഈ അവകാശം സംരക്ഷിക്കുന്നത് പൊതുസമൂഹം ആംഗ്യഭാഷ സ്വായത്തമാക്കേണ്ടതുണ്ട് എന്ന ലക്ഷ്യത്തോടെയാണ് ആരവം 2023 നടത്തിയത്. സ്റ്റാളില്‍ എത്തുന്നവര്‍ക്ക് ആംഗ്യ ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതിനും ആംഗ്യ ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും ആരവം 2023നായി.
നിരവധി പേരാണ് ആംഗ്യ ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ പരിശീലിച്ചത്. കുട്ടികളുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. കേള്‍ക്കാനും സംസാരിക്കാനും സാധിക്കാത്തവര്‍ക്കും ചിന്തയും വിചാരങ്ങളും അഭിപ്രായങ്ങളും ഉണ്ടെന്നും അത് കേള്‍ക്കാനോ മനസ്സിലാക്കാനോ സാധിക്കാത്തവരാണ് യഥാര്‍ത്ഥ പരിമിതര്‍ എന്ന തിരിച്ചറിവോടു കൂടിയാണ് സന്ദര്‍ശകര്‍ സ്റ്റാള്‍ വിട്ടത്. കേരള ഡഫ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റി സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ചാണ് ആരവം 2023 നടത്തിയത്. തലശ്ശേരി അതിരൂപത ആദം മിനിസ്ട്രി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് കളരിമുറിയില്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി.കെ.ഷീബ മുംതാസ് പരിപാടിക്ക് നേതൃത്വം നല്കി.