പണിയും തരവുമില്ല ജീവിതം അടിച്ചുപൊളി; ആലുവയിലും പെരുമ്പാവൂരിലും ലഹരിയുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍
ആലുവ: ആലുവയിലും പെരുമ്പാവൂരിലും എക്സൈസ് നടത്തിയ പരിശോധനയില്‍ ഹെറോയിനുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയിലായി. ആലുവയിലെ പരിശോധനയില്‍ 9.5 ഗ്രാം ഹെറോയിനുമായി വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ജലഗി സഹെബ്രാംപൂര് സ്വദേശി അക്ബര്‍ ഷെയ്ക് (31) ആണ് പിടിയിലായത്.
സി.ഐ. മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തില്‍ ആലുവ ടൗണ്‍, കെ.എസ്.ആര്.ടി.സി., റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലാണ് പരിശോധന നടത്തിയത്. അതിഥി തൊഴിലാളികള്‍ക്കിടയിലും കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും മയക്കുമരുന്ന് വിതരണം നടത്തുന്ന ഏജന്റാണ് ഇയാളെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
പെരുമ്പാവൂര്‍ അല്ലപ്ര ഭാഗത്തു നടത്തിയ പരിശോധനയിലാണ് 8.76 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ബഹറുള്‍ ഇസ്ലാം പിടിയിലായത്. ജോലിക്ക് പോകാതെ സ്കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഹെറോയിന്‍ എത്തിച്ചുകൊടുത്ത് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു.
ഇയാളുടെ ബൈക്കും കസ്റ്റഡിയില്‍ എടുത്തു. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.