പ്രസ് ക്ലബുകള്‍ക്ക് സര്‍ക്കാര്‍ വക 2.5 കോടി: അന്വേഷണത്തിന് ഇ ഡി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കടലാസ് പദ്ധതികളുടെ പേരില്‍ രണ്ടര കോടി രൂപ പ്രസ് ക്ലബുകള്‍ക്ക് അനുവദിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നിര്‍ദേശം നല്കി.
കേരള സര്‍ക്കാര്‍ വിവിധ പ്രസ് ക്ലബുകള്‍ക്കായി അനുവദിച്ച 2.55 കോടി രൂപ ദുരുപയോഗിച്ചതായി പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (ഓഡിറ്റ്) കേരള സെക്രട്ടേറിയറ്റിലെ പിആര്‍ഡി ഡയറക്ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ തുക അടിയന്തരമായി തിരിച്ചു പിടിക്കാനും പ്രസ് ക്ലബ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും 2021 ല്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ പി ആര് ഡി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്സ്പെക്ഷന് റിപ്പോര്‍ട്ടിന് പിആര്‍ഡി ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇടപെടല്‍.
പ്രസ് ക്ലബുകള്‍ക്ക് തുക അനുവദിക്കാന്‍ പിആര്‍ഡി നടപടി ക്രമങ്ങളും പാലിച്ചില്ല. പ്രസ് ക്ലബ് നവീകരണം, ഡിജിറ്റല്‍ ലൈബ്രറി, ലൈബ്രറി, തുടങ്ങിയ പേരുകളില്‍ പദ്ധതി റിപ്പോര്‍ട്ട് പോലും ആവശ്യപ്പെടാതെയാണ് തുക അനുവദിച്ചത്.
ലഭിച്ച തുക ദുരുപയോഗിച്ച പ്രസ് ക്ലബുകള്‍ വിനിയോഗ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ചില്ല. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ ഇന്സ്പെക്ഷന് റിപ്പോര്‍ട്ടില്‍ ഇക്കാര്യം കണ്ടെത്തിയിരുന്നു. പ്രസ് ക്ലബുകള്‍ക്കെതിരെ നിയമ നടപടിയെടുക്കാതെ വകുപ്പു തല അന്വേഷണങ്ങളുടെ പേരില്‍ നടപടികള്‍ വൈകിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പിആര്‍ഡി വകുപ്പിലെ ഇന്സ്പെക്ഷന് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ധനകാര്യ വകുപ്പ് ഇന്സ്പെക്ഷന് വിങ്ങിന്റെ അന്വേഷണത്തിനു വിട്ടിരുന്നു. ഇതില്‍ കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ 25 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പു സംബന്ധിച്ച് ഇന്സ്പെക്ഷന് വിങ്ങ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ 30 ലക്ഷം രൂപ ഫണ്ട് വെട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കേസരി ട്രസ്റ്ററില് ഡിജിറ്റല്‍ ലൈബ്രറിയുടെ പേരില്‍ 25 ലക്ഷം രൂപ വെട്ടിച്ച കേസിലും ഉടന്‍ അന്വേഷണമുണ്ടാകും.
കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ പ്രസ് ക്ലബുകളുടെ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പും അന്വേഷിക്കാന്‍ ധനവകുപ്പ് ഇന്സ്പെക്ഷന് വിങ് അന്വേഷിക്കും.
സംസ്ഥാന സര്‍ക്കാര്‍ തല അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് ഇഡി അന്വേഷണത്തിനു കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യൂ വകുപ്പിന്റെ നിര്‍ദേശം.