മൈസൂരിലേക്ക് വിനോദയാത്ര പോയ മലപ്പുറം സ്വദേശികളെ ബന്ദിയാക്കി രണ്ടരലക്ഷം കവര്‍ന്നു; യുവാക്കള്‍ രക്ഷപ്പെട്ടത് സാഹസികമായി
മൈസൂരുവിലേക്ക് വിനോദയാത്ര പോയി ഗുണ്ടാസംഘം ബന്ദിയാക്കിയ മലപ്പുറം കാളികാവ് സ്വദേശികളായ യുവാക്കളെ പൊലീസ് രക്ഷപെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവാക്കള്‍ ഗുണ്ടാസംഘത്തിന്റെ പിടിയിലായത്. കാളികാവ് പള്ളിശ്ശേരി സ്വദേശികളായ പി.കെ. ഷറഫുദീന്‍, പി.വി. സക്കീര്‍, സി. ഷറഫുദീന്‍, ലബീബ്, പി.കെ. ഫാസില്‍ എന്നിവരാണ് മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മൈസൂരില്‍ വന്‍ തിരക്കായിരുന്നു.
ഭക്ഷണത്തിനും താമസസ്ഥലം കണ്ടെത്താനും ബുദ്ധിമുട്ടിയ ഇവരെ ഒരു ഓട്ടോ ഡ്രൈവര്‍ സഹായിക്കാന്‍ എത്തി. താമസസ്ഥലവും, ഭക്ഷണവും ഏര്‍പ്പാടാക്കി തരാമെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവര്‍ മൈസൂരു എസ്എസ് നഗറിലെ വാടക ക്വാട്ടേഴ്സില്‍ ഇവരെ താമസിപ്പിച്ച് വാതില്‍ പുറത്തുനിന്ന് പൂട്ടി. പിന്നീട് മുറിയിലെത്തിയ ഒമ്ബതംഗ സംഘം ആക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.
മലയാളി യുവാക്കള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പണവും സംഘം തട്ടിയെടുത്തു. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം ഗുണ്ടാസംഘത്തിന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. രണ്ടര ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ ഗുണ്ടാസംഘം തട്ടിയെടുത്തത്.
റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടരക്കോടി രൂപയും 100 പവനും കവര്‍ന്ന് 29കാരി കടന്നുകളഞ്ഞു; സഹായികള്‍ അറസ്റ്റില്‍
വിനോദയാത്ര പോയവര്‍ തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കളിക്കാവു പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് നാട്ടില്‍ നിന്നും സുഹൃത്തുക്കള്‍ മൈസൂരിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
മൈസൂരിലേക്ക് വിനോദയാത്ര പോയി കുടുക്കിലായ മലയാളി യുവാക്കള്‍ രക്ഷപ്പെട്ടത് അതിസാഹസികമായാണ്.
അക്രമികള്‍ ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഞായറാഴ്ച മൈസൂരില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. മലയാളികള്‍ സഞ്ചരിച്ച കാറിലും കര്‍ണാടക സംഘത്തിന്റെ വാഹനത്തിലുമായാണ് അഞ്ചുപേരെ കത്തി ചൂണ്ടി കൊണ്ടുപോയത്. പ്രധാനമന്ത്രി വരുന്നതുമായി ബന്ധപ്പെട്ട് റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ട സമയത്ത് പതുക്കെ നീങ്ങുകയായിരുന്ന വാഹനത്തില്‍ നിന്നും സക്കീറും ഷറഫുദ്ദീനും കാറിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടി.
പ്രധാനമന്ത്രിയുടെ സുരക്ഷക്കായി നിയോഗിച്ച സായുധസേനയുടെ മുന്പിലേക്കാണ് ഇവര്‍ ചാടിയത്. സേനാംഗങ്ങള്‍ ഇവരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതേസമയം കേരള പോലീസ് നല്കിയ സന്ദേശം കര്‍ണാടക പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കര്‍ണാടക പോലീസ് സഹായിച്ചത്.
രണ്ടുപേര്‍ രക്ഷപ്പെട്ടതോടെ പിന്നിലുണ്ടായിരുന്ന വാഹനം വഴി തിരിച്ചു വിട്ടു. മൂന്നു പേരെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട് കര്‍ണാടക സംഘം കടന്നു. ഇവര്‍ പിന്നീട് ബസ്സില്‍ കോഴിക്കോട് എത്തി. പോലീസ് കര്‍ണാടക പോലീസിനെ അയച്ചുകൊടുത്ത മലയാളിയുടെ ചിത്രവും കേസില്‍ നിര്‍ണായകമായി. ഗുണ്ടാ സംഘത്തില്‍ ഒരാളെ പോലീസ് പിടികൂടിയതോടെ മറ്റു പ്രതികളിലേക്ക് അന്വേഷണം എളുപ്പത്തില്‍ എത്തിച്ചേര്‍ന്നു. കോഴിക്കോട് എത്തിയ മൂന്ന സംഘത്തെ നിയമനടപടിയുടെ ഭാഗമായി വീണ്ടും മൈസൂരിലേക്ക് കൊണ്ടുപോയി.