നവ്യാനുഭവം പകര്‍ന്ന് ടൂറിസം വകുപ്പിന്റെ സുരങ്ക
കാസര്‍കോട് : എന്റെ കേരളം വിപണന മേളയില്‍ നവ്യാനുഭവം പകര്‍ന്ന് ടൂറിസം വകുപ്പിന്റെ സുരങ്ക. എന്റെ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സുരങ്കയില്‍ കാണികള്‍ക്ക് കയറാം. ചെറുവെട്ടത്തില്‍ മണ്ണിനടിയിലെ ആഴങ്ങളിലൂടെയുള്ള സുരങ്ക യാത്ര ആസ്വാദകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. കുന്നിന്‍ചരിവില്‍ ഭൂമിക്ക് സമാന്തരമായി തുരന്ന് വെള്ളം ശേഖരിക്കുന്ന തുരങ്കത്തെ സൂചിപ്പിക്കുന്ന സുരങ്ക എന്ന പദത്തിനൊപ്പം ചേര്‍ത്തുവച്ച കാസര്‍കോടിന്റെ സി.കുഞ്ഞമ്പുവിനെയും ടൂറിസം വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. തുളുവില്‍ സുരങ്കയാണെങ്കില് മലയാളത്തില്‍ തുരങ്കമാണ്. പണ്ട് കാലത്ത് കിലോ മീറ്ററോളം തുരന്നാണ് ആളുകള്‍ വെള്ളം കണ്ടെത്തിയിരുന്നത്. വെള്ളം കണ്ടെത്തിയാല്‍ മണ്ണുകൊണ്ട് ചിറകെട്ടി സംഭരിച്ച് പൈപ്പുകളിലൂടെയോ മണ്ണിലൂടെത്തന്നെയോ തികച്ചും ഭൂഗുരുത്വബലത്തിന്റെ സഹായത്തില്‍ പുറത്തേക്കൊഴുക്കുകയാണ് ചെയ്യുക. തുരങ്കത്തിനകത്ത് കയറുമ്പോള്‍ തന്നെ ഭൂമിക്കടിയിലെ തണുപ്പ് ആസ്വാദകര്‍ക്കും അനുഭവഭേദ്യമാകും. അകത്ത് കയറിയാല്‍ ഏലംചെടികളും സെല്‍ഫി പോയിന്റായി മുള കൊണ്ട് ഉണ്ടാക്കിയ പായയില്‍ നിര്‍മ്മിച്ച ഒരു കുടിലും കാണാം.
ജലസേചന മാര്‍ഗമായിരുന്ന സുരങ്കകള്‍ ഇന്ന് മണ്മറയുമ്പോള് യുവ തലമുറയ്ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ടൂറിസം വകുപ്പിന്റെ സുരങ്കകള്‍. സുരങ്കകയെ കൂടാതെ മുനിയറയും വകുപ്പ് ഒരുക്കിയിട്ടുണ്ട്. മറയൂരില്‍ വലിയ പാറക്കല്ലുകളുടെ നേര്‍ത്ത ചാളി കൊണ്ട് നിര്‍മ്മിച്ച അറകളാണ് മുനിയറ. പാണ്ഡവരുടെ വനവാസകാലത്തെ നിര്‍മ്മിതിയാണ് മുനിയറ എന്നാണ് ഐതിഹ്യം. മഹാശിലായുഗത്തില്‍ മരണപ്പെട്ടവരെ മറവ് ചെയ്യുന്നതിനാണ് ഇത്തരം അറകള്‍ എന്നാണ് വിശ്വാസം.