ട്രാന്‍സ്മാനും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥ് മരിച്ച നിലയില്‍
തൃശ്ശൂര്‍: ട്രാന്സ്മാനായ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മിസ്റ്റര്‍ കേരള ട്രാന്‍സ്മെന്‍ എന്ന രീതിയില്‍ സുപരിചിതനാണ് പ്രവീണ്‍.
ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.
വ്യക്തിപരമായ കാര്യങ്ങളെ ചില ഓണ്‍ലൈനിലെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്ന് റിപോര്‍ട്ടുകള്‍. അതിന് തുടര്‍ന്ന് പ്രവീണിന് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചു.