കൂടത്തായ് കൊലപാതക കേസ്; സാക്ഷിയായ സിപിഎം നേതാവ് കൂറുമാറി
കോഴിക്കോട്: കൂടത്തായ് കേസിലെ ഒരു സാക്ഷി കൂറുമാറി. കൂറുമാറിയത് സിപിഎം പ്രാദേശിക നേതാവായ പ്രവീണ്‍കുമാര്‍. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് പ്രവീണ്‍കുമാര്‍. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായി പ്രവീണ്‍ കുമാര്‍ മൊഴി നല്കി. കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്. നാലാം പ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസര്‍ സാക്ഷിയാണ് പ്രവീണ്‍കുമാര്‍. എന്നാല്‍ പൊലീസ് പറഞ്ഞത് പ്രകാരം അവര്‍ പറയുന്നിടത്തെല്ലാം ഒപ്പിടുകയായിരുന്നുവെന്ന മൊഴിയാണ് പ്രത്യേക വിചാരണ കോടതിയില്‍ പ്രവീണ്‍ നല്‍കിയത്. കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ നേരത്തെ സഹോദരന്മാര് മൊഴി നല്‍കിയിരുന്നു. കൊല ചെയ്തെന്ന് ജോളി ഏറ്റു പറഞ്ഞതായി സഹോദരങ്ങള്‍ മൊഴി നല്കി . എന്‍.ഐ.ടിയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് പിതാവിന്റെ കയ്യില്‍ നിന്ന് ജോളി രണ്ടുലക്ഷം രൂപ വാങ്ങിയെന്നും ജോലിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നുമായിരുന്നു മൊഴി. റോയ് തോമസിനെ ഭാര്യ ജോളി കൊലപ്പെടുത്തി എന്നാണ് കേസ്. 2011 ലാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. സയനൈഡ് സാന്നിധ്യം കണ്ടെത്തിയിട്ടും കോടഞ്ചേരി പൊലീസ് കേസ് ആത്മഹത്യയായി എഴുതിത്തള്ളി.
2019ല്‍ വടകര എസ്.പി കെ.ജി സൈമണ്‍ റോയ് തോമസിന്റെ സഹോദരന് റോജോ തോമസ് നല്കിയ ഒരു പരാതിയാണ് പിന്നീട് കൂടത്തായില്‍ നടന്നത് കൂട്ടക്കൊലകളാണ് എന്ന കണ്ടെത്തലിലേക്ക് നയിക്കുന്നത്. റോയ് തോമസിന്റെ മുന്‍ഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം കൂടത്തായിയിലെ പൊന്നാമറ്റം എന്ന കുടുംബത്തില്‍ മുമ്പ് നടന്ന ദുരൂഹ മരണങ്ങളിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് റോയ് തോമസിന്റെ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്. ഹരിദാസിന് കൈമാറി. ആറു കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്.