കൊല്ലം: കടവൂര്‍ ജയൻ വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികള്‍ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒളിവിലായിരുന്ന ഒമ്പത് പ്രതികളും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ ഇന്ന് പുലര്‍ച്ചെയാണ് കീഴടങ്ങിയത്.
കടവൂര്‍ ജയൻ വധക്കേസിൽ പ്രതികളായ ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ശിക്ഷ പറയാൻ തിയതി തീരുമാനിച്ചെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ എത്താത്തതിനാല്‍ അത് മാറ്റി വച്ചു. രണ്ടാം തവണ പരിഗണിച്ചപ്പോഴും പ്രതികള്‍ കോടതിയിലെത്തിയിരുന്നില്ല, പ്രതികളുടെ അസാന്നിധ്യത്തില്‍ വിധി പ്രസ്താവം മാറ്റി വച്ച കോടതി പ്രതികളെ ഹാജരാക്കാൻ ജാമ്യക്കാര്‍ക്ക് നിര്‍ദേശം നല്കി. ഇവരെ കണ്ടെത്താൻ പൊലീസ് തിരച്ചില്‍ നോട്ടീസ് ഇറക്കി അന്വേഷണവും ഊര്‍ജിതമാക്കി, ഇതേ തുടര്‍ന്നാണ് പ്രതികള്‍ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതികളെ ഹാജരാക്കിയതോടെ ശിക്ഷ വിധിച്ചു.
2012 ഫെബ്രുവരി ഏഴിനാണ് ജയന് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയൻ പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതികൾ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.