ക്ലബ് വിടുമെന്ന വാർത്തയ്ക്ക് പിന്നാലെ മെസ്സിക്കെതിരെ പ്രതിഷേധവുമായി ആരാധകർ
പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ ലയണൽ മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ. മെസ്സിക്കെതിരെ പ്രതിഷേധവുമായി ക്ലബ് ആസ്ഥാനത്തിന് പുറത്തേക്ക് ആരാധകരെത്തി. കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമ്പോൾ മെസ്സി തടിയൂരുകയാണെന്നാണ് വിമർശനം.
സൗദി അറേബ്യയിലേക്കുള്ള സന്ദർശനത്തിൽ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷമാണ് ആരാധകർ മെസ്സിക്കെതിരെ തിരിഞ്ഞത്. പ്രതിഷേധിച്ചെത്തിയവർ താരത്തിന് നേരെ അസഭ്യ വാക്കുകളും പ്രയോഗിച്ചു.
നിലവിലെ കരാർ അവസാനിക്കുന്നതോടെ ലയണൽ മെസി പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. അർജന്റീനിയൻ സൂപ്പർ താരവുമായുള്ള കരാർ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. മെസിയുടെ അനധികൃത സൗദി യാത്ര, താരവും ക്ലബും തമ്മിലുള്ള ബന്ധം തകർത്തതായി പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ടീം വിടാനുള്ള തീരുമാനം മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസി പിഎസ്ജിയെ അറിയിച്ചതായി ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ അവകാശപ്പെടുന്നു. ക്ലബ്ബിന്റെ അനുമതിയില്ലാതെ മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്തതിന്, മെസിക്ക് ഫ്രഞ്ച് ഭീമന്മാർ രണ്ടാഴ്ചത്തെ സസ്പെൻഷൻ നൽകിയതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്.