പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകന് 32 വര്‍ഷം തടവ്
പെരിന്തല്‍മണ്ണ: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 32 വര്‍ഷം തടവ് ശിക്ഷ. പെരിന്തല്‍മണ്ണ അതിവേഗ സ്പെഷ്യല്‍ കോടതിയാണ് മലപ്പുറം പുലാമന്തോള്‍ സ്വദേശിയായ ഉമ്മര്‍ ഫാറൂഖിനെ(43) ശിക്ഷിച്ചത്. 32 വര്‍ഷം തടവിനെ കൂടാതെ പ്രതി 60,000 രൂപ പിഴയുമടക്കണം. പിഴ സംഖ്യ ഇരക്ക് നല്കാന് കോടതി നിര്‍ദേശിച്ചു. ജഡ്ജ് അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.
2017 മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള കാലത്ത് പുലാമന്തോളിലെ ഒരു മദ്രസയില്‍വെച്ച് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സി.ഐ ബിനു ടി.എസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ഐ.പി.സി, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരമായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. എല്ലാ വകുപ്പുകളിലുള്ള കുറ്റങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരനാണ് ഹാജരായത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.