ആത്മാവിന്റെയും മണ്ണിന്റെയും സംഗീതം ഹൃദയത്തില്‍ അലിയിച്ച് സൂഫി സംഗീത സദസ്
കാസര്‍കോട്: സൂഫി സംഗീതാലാപനത്തിന്റെ ആത്മീയാനുഭവവും ആലാപനചാരുതയും സന്നിവേശിപ്പിച്ച് എന്റെ കേരളം മേളയിലെ സൂഫി സംഗീത സദസ്. തനത് സൂഫി കാവ്യാലാപനം കൊണ്ട് സവിശേഷ ശ്രദ്ധ നേടിയ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര് എന്നിവരാണ് ആലാമിപ്പള്ളിയിലെ എന്റെ കേരളം മേളയുടെ വേദിയെ സൂഫി സംഗീത മാധുരിയില്‍ അലിയിപ്പിച്ചത്.
പ്രണയാനുഭവങ്ങള്‍ സംഗീതത്തില്‍ അലിയിച്ച് സംഗീതത്തിന്റെ അലകളില്‍ ലയിപ്പിച്ച് കാണികളിലേക്ക് പകര്‍ന്നു നല്കി സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും സംഘവും. സ്നേഹ മൈത്രിയുടെ നിദര്‍ശനങ്ങളായ ഇവരുടെ സൂഫി സംഗീതത്തില്‍ നാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗത്മകശീലുകള്, ഖുര്‍ആന്‍, ബൈബിള്‍, ഉപനിഷദ് വാക്യങ്ങള്‍ എന്നിവ കണ്ണി ചേര്‍ത്ത് നടത്തിയ ആലാപനം സൂഫി സംഗീത പരിചിത വഴികളില്‍ നിന്നുള്ള മാറി നടത്തമായി. ഇബ്നു അറബി, മന്‍സൂര്‍ ഹല്ലാജ്, അബ്ദുല്‍ യാ ഖാദിര്‍ ജീലാനി, റാബിഅ ബസരിയ്യ, ഉമര്‍ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങള്‍, ജലാലുദ്ദീന്‍ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേര്‍ഷ്യന്‍ കാവ്യങ്ങള്‍, ഖാജാ മീര്‍ ദര്‍ദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉര്‍ദു ഗസലുകള്‍, ഇച്ച മസ്താന്, അബ്ദുല്‍ റസാഖ് മസ്താന്, മസ്താന് കെ.വി.അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങള്‍ എന്നിവ വേദിയില്‍ പെയ്തിറങ്ങി. മുഖ്യ ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര് എന്നിവര്‍ക്ക് പുറമെ മിഥുലേഷ് ചോലക്കല്‍, അക്ബര്‍ ഗ്രീന്‍, അസ്ലം തിരൂര്‍, സുധാമണി, സുഹൈല്‍, ഷബീര്‍ തിരൂര്‍ എന്നിവര്‍ പിന്നണിയില്‍ അണിനിരന്നു.