നഗരത്തെ വര്ണ്ണാരവമാക്കി എന്റെ കേരളം സാംസ്കാരിക ഘോഷയാത്ര
കാസര്‍കോട്: എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ സാംസ്കാരിക ഘോഷയാത്രയില്‍ നാടും നഗരവും ഒന്നിച്ചു. വിവിധ വകുപ്പുകളടക്കം ആയിരക്കണക്കിനാളുകള്‍ ഘോഷയാത്രയില്‍ അണി നിരന്നു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു.
നിശ്ചല, ചലന ദൃശ്യങ്ങള്‍, ശിങ്കാരിമേളം, കുടുംബശ്രീ, ഹരിതകര്‍മസേന എന്നിവയുടേയും യൂത്ത് ക്ലബുകളുടെയും വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഘോഷയാത്രക്ക് മിഴിവേകി. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്രയില്‍ എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു.