രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃക…
മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: മതനിരപേക്ഷതയിലൂന്നി, അഴിമതിയോടും വര്‍ഗ്ഗീയതയോടും സന്ധിയില്ലാത്ത സമീപനം സ്വീകരിച്ചും, നവകേരള സൃഷ്ടിക്കായി മുന്നോട്ട് പോകുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പോലെ പ്രാമുഖ്യം നല്കി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. പശ്ചാത്തല മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്കുമ്പോള് തന്നെ ദുര്‍ബല വിഭാഗത്തിന്റെ ക്ഷേമകാര്യങ്ങള്‍ക്കും സമാനമായ ഊന്നല്‍ നല്കാന് കഴിയുമെന്ന് പ്രവര്‍ത്തി പദത്തിലൂടെ തെളിയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. ദേശീയ പാതയും, മലയോര തീരദേശ ഹൈവെയും, വിഴിഞ്ഞം തുറമുഖവും സ്വപ്നസമാന വേഗതയിലാണ് പുരോഗമിക്കുന്നത്.
വിഴിഞ്ഞം തുറമുഖം സെപ്തംബറില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വിമാനത്താവളങ്ങളും റെയിലും റോഡും മാത്രം ചരക്ക് ഗതാഗതത്തിന്റെ മാധ്യമമായി കണ്ട നമുക്ക് സമുദ്ര ഗതാഗതത്തിന്റെ ഒരു പുതിയ യുഗമാണ് തുറക്കപ്പെടുന്നത്. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും, ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിന്റെ ജൈത്ര യാത്ര തുടരുന്നത്. കാലങ്ങളായി പിന്നോക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിന്റെ കാലമാണിതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആദ്യ റീച്ചായ തലപ്പാടി – ചെങ്കള നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
കോട്ടച്ചേരി മേല്‍പ്പാലം ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളിലായി നിരവധി പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലനാട് റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. മലയോര മേഖലയിലെ ജനങ്ങളുടെ സഞ്ചാരത്തിന് വേഗത നല്കി മലയോര ഹൈവേ നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടടുത്ത കെല് ഇ.എം.എല്‍ കമ്പനി അതിന്റെ വികസന പാതയിലാണ്. കാസര്‍കോട്ടുകാര്‍ക്ക് ജില്ലയില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നത് വിദൂരസ്വപ്നം മാത്രമായിരുന്നുവെങ്കില്‍, ഇന്ന് അത് ഒരു യാഥാര്‍ഥ്യമാണ്. ഒന്നാം പിണറായി വിജയന് സര്‍ക്കാറിന്റെ നാല് വര്‍ഷത്തിനിടെ ദുരിതബാധിതര്‍ക്കായി 109,89,58,487 ( നൂറ്റി ഒന്‍പത് കോടി)രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തില്‍ കാലങ്ങളായി വിതരണം ചെയ്യുന്നില്ല എന്ന ആക്ഷേപമായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ധനസഹായം ഇരുനൂറ്റി ആറുകോടി മുപ്പതു ലക്ഷത്തി ഇരുപതിനായിരം രൂപ വിതരണം ചെയ്ത് സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംനേടി. 7265 ല്‍ 7171 പേര്‍ക്ക് ഇതുവരെ ധനസഹായം വിതരണം ചെയ്തു. ദന്തഗോപുരങ്ങളില്‍ നിന്നുള്ള പ്രഖ്യാപനങ്ങളല്ല. മറിച്ച് സാധാരണക്കാരിലേക്കും പൊതുജനങ്ങളിലേക്കും ഇറങ്ങിച്ചെന്നുകൊണ്ടുള്ള വികസന മുന്നേറ്റങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം.രാജഗോപാലന്‍, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത എന്നിവര്‍ വിശിഷ്ടാതിഥികളായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്, ജില്ലാ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്മാന് കെ.പി.സതീഷ് ചന്ദ്രന് എ.ഡി.എം.. ഇന്‍ ചാര്‍ജ് ) നവീന്‍ ബാബു, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന് നായര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത്കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് എന്നിവര്‍ സന്നിഹിതരായി. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വി.വി.രമേശന്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.പി.വത്സലന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി.ബാലകൃഷ്ണന് മാസ്റ്റര്‍, സി.പി.ബാബു, എം.ഹമീദ് ഹാജി, പി.പി.രാജു, കരീം ചന്തേര, രതീഷ് പുതിയ പുരയില്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ടി.വി.ബാലകൃഷ്ണന്, പി.ടി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘാടക സമിതി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനറും ജില്ലാ ഇന്ഫന് മേഷന് ഓഫീസറുമായ എം.മധുസൂദനന് നന്ദിയും പറഞ്ഞു.