സെക്രട്ടറിയേറ്റില്‍ ജോലി സമയത്ത് സെമിനാര്‍;
പ്രസംഗം കേള്‍ക്കാന്‍ ജീവനക്കാരെ ഇറക്കി സിപിഎം അനുകൂല സംഘടന
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജോലി സമയത്ത് സെമിനാര്‍ നടത്തി സിപിഎം അനുകൂല സംഘടന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം കേള്‍ക്കാനാണ് ജീവനക്കാരെ ഇറക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് ആണ് ജോലി സമയത്ത് പരിപാടി നടത്തിയത്. ഉച്ചയ്ക്ക് 1.15 മുതല്‍ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാല്‍ ഒന്നേകാലിന് തുടങ്ങിയ പരിപാടി സമാപിച്ചത് 2.54നാണ്. ഈ സമയത്തൊക്കെയും ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനോട് ചേര്‍ന്നുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവര്‍ണ ജൂബിലി കോണ്‍ഫറന്‍സ് നടന്നത്. അതേസമയം, ഉച്ചഭക്ഷണ ഇടവേളയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എത്താന്‍ വൈകിയ സീതാറാം യെച്ചൂരിയുടെ പ്രസംഗം നീണ്ടുപോയതാണ് കാരണമെന്നാണ് എംപ്ലോയീസ് അസോസിയേഷന്റെ വിശദീകരണം. ആര്‍എസ്എസിന്റെ വര്‍ഗീയതയും ഇന്ത്യന്‍ രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം.
ഓരോ ഫയലും ഓരോ ജീവിതമാണെന്നും ജോലിസമയം ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതിനിടെയാണ് ഭരണപക്ഷ അനുകൂല സംഘടന ജീവനക്കാരെ സെമിനാറിന് അണിനിരത്തിയത്. പരിപാടിയില്‍ സെക്രട്ടേറിയറ്റിലെ ആയിരത്തോളം ജീവനക്കാരാണ് പങ്കെടുത്തത്. ജോലി സമയത്ത് സീറ്റില്‍ ആളുണ്ടാകുമെന്ന് ഉറപ്പിക്കാന്‍ ആക്സസ് കണ്ട്രോള് സംവിധാനം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ വരെ എതിര്‍ത്ത സര്‍വീസ് സംഘടനകളില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.