എക്സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പ്പം ഇല്ലാതാകുമോ..?
വന്ദേഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം: മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാല്‍ റെയില്‍വെക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വന്ദേ ഭാരത് ട്രെയിന്‍ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഓരോരുത്തരുടെ താല്പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്പം ഇല്ലാതാകുമെന്നും ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. മലപ്പുറം സ്വദേശി നല്കിയ പൊതുതാല്പര്യ ഹര്‍ജിയാണ് തള്ളിയത്.
അതേസമയം, കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പങ്കുള്ളവരെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തിരുനാവായ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ പൊലീസും തിരൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.