എഐ ക്യാമറ ക്രമക്കേട്; ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറച്ച് പികെ ഫിറോസിന്റെ പ്രതിഷേധം
എറണാകുളം : എഐ ക്യാമറ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് പികെ ഫിറോസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. പുതിയ പ്രതിഷേധ രീതി പികെ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കൊട്ടിയില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം. ട്രാഫിക് ക്യാമറയെ മുളകൊണ്ടുണ്ടാക്കിയ കൊട്ടകൊണ്ട് മറച്ച്, മൂടി വെക്കാനാകില്ല ഈ അഴിമതിയെന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു. എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ മുസ്ലീം ലീഗും പ്രതിഷേധം കടുപ്പിച്ചിരിക്കുകയായാണ്. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാക പ്രതിഷേധങ്ങളാണ് നടക്കുന്നത്.
കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് ഉപരോധിച്ചു. പ്രസാഡിയോ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണം കുറിച്ച പോസ്റ്ററുകള്‍ ഓഫീസ് ചുമരില്‍ പ്രവര്‍ത്തകര്‍ പതിച്ചു. ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിപക്ഷവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. പ്രസാഡിയോ ഡയറക്ടര്‍ രാംജിത്തിന് ക്ലിഫ്ഹൗസുമായുള്ള ബന്ധമെന്തൊണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്ന ചോദ്യം.
മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന കൊള്ളയൊണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിക്കുന്നു. അതേസമയം മോട്ടോര്‍ വാഹവകുപ്പില്‍ നിന്ന് പ്രസാഡിയോക്ക് മുമ്പും കരാര്‍ കിട്ടിയതിന്റെ രേഖകള്‍ പുറത്തുവന്നു. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന് സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നല്കിയ കരാറില്‍ ഉപകരാര്‍ നല്‍കിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.