പൊലീസിനെ വെല്ലുവിളിച്ച് ഇൻസ്റ്റാഗ്രാം സ്വർണക്കടത്ത് സംഘം; വിശദീകരണ വീഡിയോകൾ, ഫോളോ ചെയ്യുന്നത് കേരള പൊലീസിനെ
തിരുവനന്തപുരം: പൊലീസിനെ വെല്ലുവിളിച്ച് ഇൻസ്റ്റാഗ്രാമിൽ സ്വർണക്കടത്ത് സംഘത്തിന്റെ അക്കൗണ്ട്. യുകെ, അമേരിക്ക, സൗദി അറേബ്യ, യു എ ഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് സ്വർണം കടത്തുമെന്നും ആവശ്യമുള്ളവർ ബന്ധപ്പെടണമെന്നുമാണ് അക്കൗണ്ടിൽ വ്യക്തമാക്കുന്നത്. സ്വർണക്കടത്ത് സംബന്ധിച്ച നിരവധി വീഡിയോകൾ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ട് വ്യാജമാണോ അതോ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതാണോയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സ്വർണം കടത്തുന്നതിന്റെ രീതിയും ദൃശ്യങ്ങളുമടക്കം ഇരുപതോളം വീഡിയോകൾ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധനസഹായം ആവശ്യമുള്ളവർ ബന്ധപ്പെടണം, യുകെ, അമേരിക്ക, സൗദി അറേബ്യ, യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ ഒരു വർഷത്തിലേറെയായി താമസിക്കുന്നവർ ബന്ധപ്പെടണമെന്ന തരത്തിലെ പോസ്റ്റുകളുമുണ്ട്.
14,000ൽ അധികം പേരാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നതെങ്കിലും അക്കൗണ്ട് പത്തുപേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ. കേരള പൊലീസിനെയും മാദ്ധ്യമങ്ങളെയും മാത്രമാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. വിമാനത്താവളങ്ങൾ വഴി കടത്തിയതാണെന്ന് അവകാശപ്പെട്ട് സ്വർണത്തിന്റെ വീഡിയോകൾ പങ്കുവെച്ച് പൊലീസിനെയും ഏജൻസികളെയും വെല്ലുവിളിക്കുന്നുമുണ്ട്.
പൊലീസ് ഈ അക്കൗണ്ട് നിരീക്ഷിച്ചുവരികയാണ്. മലബാർ മേഖലയിലുള്ളവരുടെ ശബ്ദവുമായി വീഡിയോകളിലെ ശബ്ദം സാമ്യമുള്ളതിനാൽ മലബാർ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്നവരുമായി അക്കൗണ്ടിന് ബന്ധമുണ്ടോയെന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്. അക്കൗണ്ടിൽ കമന്റ് ചെയ്തവർക്ക് സമ്മാനം നൽകിയെന്ന് അക്കൗണ്ടിൽ പോസ്റ്റുള്ളതിനാൽ ഇതും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്. അക്കൗണ്ട് വ്യാജമാണെങ്കിൽ പോലും നിയമവിരുദ്ധ പ്രവർത്തനത്തിന് ആളുകളെ തേടുന്ന സമൂഹമാദ്ധ്യമ ഇടപെടൽ കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.