മഅദനിയുടെ സുരക്ഷാ ചെലവ്; തുക കുറയ്ക്കണമെന്ന ആവശ്യം തള്ളി കോടതി
ന്യൂഡല്‍ഹി: ജാമ്യത്തില്‍ ഇളവു ലഭിച്ചതിനു പിന്നാലെ കേരളത്തിലേക്കു പോകാനൊരുങ്ങുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.പൊലീസ് അകമ്പടിയുടെ ചെലവായി മാസം 20 ലക്ഷം രൂപ കെട്ടിവയ്ക്കണം എന്നായിരന്നു കര്‍ണാടക പൊലീസിന്റെ ആവശ്യം. തുക വെട്ടിക്കുറയ്ക്കാനാവില്ലെന്നു കര്‍ണാടക പൊലീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ജൂലൈ 8 വരെയുള്ള സുരക്ഷാ കാര്യങ്ങള്‍ക്ക് 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ മഅദനി നല്കിയ അപേക്ഷയിലാണു ബെംഗളൂരു തീവ്രവാദ വിരുദ്ധ സെല്‍ എതിര് സത്യവാങ്മൂലം നല്‍കിയത്.മഅദനിക്കുള്ള സുരക്ഷാഭീഷണി, റിസ്ക് അസസ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു സുരക്ഷാ ഉദ്യോഗസ്ഥരെ തീരുമാനിച്ചിട്ടുള്ളതെന്നു സത്യവാങ്മൂലത്തിലുണ്ട്. ഇതേക്കുറിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ ക്രൈം ഡിസിപി യതീഷ് ചന്ദ്ര അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തി പരിശോധിച്ചു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തുക തീരുമാനിച്ചത്. കോടതി ഉത്തരവ് അനുസരിക്കാതിരുന്നിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജാമ്യ ഇളവു നല്കിയ തങ്ങളുടെ ഉത്തരവു മറികടക്കാനാണോ ഈ രീതിയെന്നു നേരത്തേ മഅദനിയുടെ അപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചിരുന്നു. മഅദനിക്കുള്ള സുരക്ഷയ്ക്ക്, 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കര്‍ണാടക പൊലീസ് ആവശ്യപ്പെടുന്നത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവെന്നും വ്യക്തമാക്കിയിരുന്നു.