പീഡനശ്രമം; നടിയുടെ പരാതിയില്‍ റിട്ട. ഡിവൈഎസ്പിയെ നാളെ ചോദ്യം ചെയ്യും
കാസര്‍കോട്: റിട്ട. ഡിവൈഎസ്പി മധുസൂദനന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പ്രതിയെ നാളെ ചോദ്യം ചെയ്യും. ഇന്നലെയാണ് കൊല്ലം സ്വദേശിയായ യുവതി ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് സിനിമാ നടന് കൂടിയായ റിട്ട. ഡിവൈഎസ്പി വി. മധുസൂദനനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്. ഐ പി സി 354 (A) പ്രകാരം മാനഭംഗശ്രമത്തിനാണ് കേസ്. മധുസൂദനനെ നാളെ അന്വേഷണ ഉദ്യാഗസ്ഥന് ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ അസൗകര്യം കാരണം നാളത്തേക്ക് മാറ്റുകയായിരുന്നു. പെരിയയിലെ ഒരു ഹോം സ്റ്റെയില്‍ താമസിപ്പിച്ച് ബിയര്‍ കുടിക്കാന്‍ പ്രേരിപ്പിക്കുകയും തന്റെ മുറിയില്‍ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി 28 വയസുകാരിയായ യുവതി നല്കിയ പരാതിയില്‍ പറയുന്നു.
ആല്‍ബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിക്കുന്നയാളാണ് യുവതി. ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍കോട് എത്തിയത്. മധുസൂദനനാണ് ഇത് നിര്‍മ്മിക്കുന്നതെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. തൊണ്ടിമുതലും ദൃക്സാക്ഷിയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വി.മധുസൂദനന് തൃക്കരിപ്പൂര്‍ സ്വദേശിയാണ്