തിരുവനന്തപുരം: അടിമലത്തുറയില്‍ കടല്‍ത്തീരം കയ്യേറി മത്സ്യതൊഴിലാളികള്‍ക്ക് ഭൂമി മുറിച്ച് വിറ്റ പള്ളിക്കമ്മിറ്റിയുടെ നിലപാടിനെതിരെ ലത്തീന്‍ സഭാ നേതൃത്വം രംഗത്ത് . കടല്‍ത്തീരം കയ്യേറി ഭൂമി വില്‍പ്പനയും എതിര്‍പ്പുന്നയിച്ചവര്‍ക്ക് ഊരുവിലക്കും ഏര്‍പ്പെടുത്തിയ പള്ളിക്കമ്മിറ്റിയുടെ നിലപാടിനെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ലത്തീന്‍ രൂപത വക്താവ് യൂജിന്‍ പെരേര പറഞ്ഞു . അതേസമയം മത്സ്യത്തൊഴിലാളി പുനരധിവാസത്തില്‍ ഫിഷറീസ് മന്ത്രിയുടെ അവകാശവാദം ശരിയല്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
അടിമലത്തുറയില്‍ ഏകദേശം അഞ്ച് ഏക്കറോളം തീരഭൂമിയാണ് പള്ളിക്കമ്മിറ്റി കയ്യേറിയത് . കയ്യേറിയ ഭൂമി മൂന്ന് സെന്റുകളാക്കി തിരിച്ചായിരുന്നു വില്‍പ്പന . അനധികൃത ഇടപാട് ചോദ്യം ചെയ്ത കുടുംബത്തെ പള്ളിക്കമ്മിറ്റി ഊരു വിലക്കുകയും ചെയ്തിരുന്നു. സഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂമി ഇടപാട് ശരിവച്ച് രഹസ്യാന്വേഷണ വിഭാഗവും ജില്ലാ കളക്ടറും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.