തിരുവനന്തപുരം:രാജ്യത്തിന്റെ ഭരണഘടനയ്ക്കുകീഴിൽ രണ്ടുതരം പൗരൻമാരില്ലെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. നിയമ പണ്ഡിതരുൾപ്പെടെയുള്ളവർ രണ്ടുവർഷത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ തോന്നയ്ക്കൽ ചെമ്പക മംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.ഇന്ത്യ വിശാലമായ ഒരു രാജ്യമാണ്. ഇവിടെ വേർതിരിവുകളില്ലാതെ എല്ലാ പൗരൻമാർക്കും തുല്യാവകാശമുണ്ട്. ഇവിടെയുള്ളവർ മാത്രമല്ല ഇവിടേക്ക് അഭയാർഥികളായി വരുന്നവരെയും സ്വീകരിക്കുന്നതിനുള്ള വിശാലമനസ്കത നമുക്കുണ്ടാകണം. വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം ഇന്ത്യയുടെ ഈ തെറ്റായ നയങ്ങൾക്കെതിരെയുള്ള വാർത്തകളും ചിത്രങ്ങളും നിറയുകയാണ്.
ഇതിനെതിരെയുള്ള പ്രതിഷേധം കേരളത്തിൽ ശക്തമാണ് . ഇക്കാര്യത്തിൽ കേരളം രാഷ്ട്രത്തെ നയിക്കുന്ന ദീപമാവണം – അദ്ദേഹം പറഞ്ഞു. പി എസ് രാജശേഖരൻ അധ്യക്ഷനായി. “ആരാണ് ഇന്ത്യക്കാർ’ നാടകം അവതരിപ്പിച്ചു.