അഴിമതി ആരോപണത്തില്‍ കുടുങ്ങി മന്ത്രിപദം നഷ്ടമായ മുന്‍ ബി.ജെ.പി നേതാവ് ഈശ്വരപ്പ; കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുമായി വീണ്ടും
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുസ്ലിം വിരുദ്ധത പരസ്യമാക്കിയ പരാമര്‍ശവുമായി രംഗത്തെത്തിയത്. വരുന്ന തെരഞ്ഞെടുപ്പില്‍ ‘ഒറ്റ മുസ്ലിം വോട്ടു പോലും ഞങ്ങള്‍ക്ക് വേണ്ടെന്ന്’ ശിവമൊഗ്ഗയില്‍ ലിംഗായത്ത് സമുദായ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഈശ്വരപ്പ പറഞ്ഞു.
”60,000- 65,000 മുസ്ലിം വോട്ടുകള്‍ ശിവമൊഗ്ഗയില്‍ ഉണ്ട്. ഞാന്‍ ഇത് തുറന്നുപറയാന്‍ ആഗ്രഹിക്കുകയാണ്. അതില്‍ ഒറ്റ മുസ്ലിം വോട്ടുപോലും ബി ജെ പിക്ക് വേണ്ട. തീര്‍ച്ചയായും ഞങ്ങളുടെ സഹായം ലഭിച്ച മുസ്ലിംകളുണ്ട്. അവര്‍ ഞങ്ങള്‍ക്ക് തന്നെ വോട്ടുചെയ്യും. ദേശീയ മുസ്ലിംകള് തീര്‍ച്ചയായും ബി.ജെ.പിക്കാകും വോട്ടുചെയ്യുക എന്നാണ് അദ്ദേഹം ഈശ്വരപ്പ പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയുന്നത്
സംസ്ഥാന ഗ്രാമീണ വികസന പഞ്ചായത്തിരാജ് മന്ത്രിയായിരുന്ന ഈശ്വരപ്പ 2022 ഏപ്രിലിലാണ് രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. കരാറുകാരനായ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു രാജി. ബെളഗാവിയില്‍ പൊതുമരാമത്ത് ജോലികള്‍ക്ക് ഈശ്വരപ്പ വന്‍തുക കമീഷന് കൈപ്പറ്റിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു ആത്മഹത്യ. ഇതോടെ, പാര്‍ട്ടിയില്‍ അനഭിമതനായി മാറിയ ഈശ്വരപ്പ രാജിക്ക് നിര്‍ബന്ധിതനായി.
ഈ തെരഞ്ഞെടുപ്പില്‍ തനിക്കു പകരം മകന് കെ.ഇ. കാണ്ടേഷിന് സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ ഈശ്വരപ്പ സമ്മര്‍ദം ചെലുത്തിയെങ്കിലും ചന്നബസപ്പക്കാണ് ബി.ജെ.പി ടിക്കറ്റ് നല്‍കിയത്. മകന് പുറത്തായിട്ടും വിമത സ്വരമുയര്ത്താത്തതിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം വിളിച്ച് അഭിനന്ദനമറിയിച്ചെന്ന് വാര്‍ത്തയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി പ്രചാരണത്തില്‍ തിരിച്ചെത്തിയത്. ബി.ജെ.പി വെറ്ററന്‍ നേതാവ് ബി.എസ് യദ്യൂരപ്പയുടെ ശക്തി കേന്ദ്രമാണ് ശിവമൊഗ്ഗ.
മേയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്തും ബി.ജെ.പി മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. 224 അംഗ സഭയിലേക്ക് മുസ്ലിം സമുദായത്തില്‍നിന്ന് കോണ്‍ഗ്രസ് 14 പേരെയും ജനതാദള്‍ സെക്കുലര്‍ 23 പേരെയും സ്ഥാനാര്ഥിയാക്കിയിടത്താണ് ബി.ജെ.പി നയം വ്യക്തമാക്കി പ്രാതിനിധ്യം സമ്ബൂര്‍ണമായി ഒഴിവാക്കിയത്. സംസ്ഥാനത്ത് 2011ലെ ജനസംഖ്യ കണക്കുകള്‍ പ്രകാരം 13 ശതമാനമാണ് മുസ്ലിംകള്.
കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്ബ് സര്‍ക്കാര്‍ ജോലിയിലും വ്യദ്യാഭ്യാസ രംഗത്തും നിലവിലുള്ള നാലു ശതമാനം മുസ്ലിമ സംവരണം സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. പകരം വോക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്കായി ഈ സംവരണം വിഭജിച്ചുനല്കുകയും ചെയ്തു. എന്നാല്‍, സുപ്രീം കോടതി ഇടപെട്ട് തത്കാലം നടപടി മരവിപ്പിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.