ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന: മന്ത്രി വീണാ ജോര്‍ജ്
ചെറുവത്തൂര്‍ വി.വി സ്മാരക സാമൂഹികാരോഗ്യ കേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നവകേരളം കര്‍മ പദ്ധതി രണ്ടാം ഘട്ടം ആര്‍ദ്രം മിഷനിലൂടെ ചെറുവത്തൂര്‍ വി.വി സ്മാരക സാമൂഹികാരോഗ്യ കേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ ജില്ലയില്‍ ന്യൂറോളജിസ്റ്റുകളുടെ ഒഴിവ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രദ്ധയില്‍പ്പെടുത്തി. അങ്ങനെ രണ്ട് ന്യൂറോളജിസ്റ്റുകളുടെ തസ്തിക സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ജില്ലയില്‍ സൃഷ്ടിച്ചു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ .ഇ.ഇ.ജി സംവിധാനം ഒരുക്കി. ജില്ലയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു സര്‍ക്കാര്‍ മേഖലയില്‍ കാത്ത് ലാബ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ കാത്ത് ലാബില്‍ ഇതു വരെയായി 78 ഓളം ആന്‍ജിയോഗ്രാമും പരിശോധനയും 30 ഓളം ആന്‍ജിയോപ്ലാസ്റ്റിയും നടത്തി. അത്യാധുനിക സൗകര്യങ്ങളോടെ ഉദ്ഘാടനം ചെയ്യപ്പെട്ട കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി ആരോഗ്യ മേഖലയില്‍ മറ്റൊരു നാഴികക്കല്ലാവുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.അനില്‍ കുമാര്‍, എം.സുമേഷ്, വി.വി.സുനിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.റിജിത്ത് കൃഷ്ണന്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വല്ലി, ആരോഗ്യ സ്ഥിരം സമിതി അംഗം പി.ബി.ഷീബ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം രാജേന്ദ്രന് പയ്യാടക്കത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സുധാകരന്, ഒ.ഉണ്ണികൃഷ്ണന്, ലത്തീഫ് നീലഗിരി, എ.കെ.ചന്ദന്‍, പി.പി.ഗോവിന്ദന്, രതീഷ് പുതിയ പുരയില്‍, ഹനീഫ ഹാജി, കെ.വി.രഘൂത്തമന് തുടങ്ങിയവര്‍ സംസാരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ജി.രമേഷ് നന്ദിയും പറഞ്ഞു.